Crime
മാണി അഴിമതിക്കാരനല്ലെന്ന് തിരുത്തി സർക്കാർ

ന്യൂഡൽഹി: നിയമസഭാ കയ്യാങ്കളി കേസിൽ സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാരിന്‍റെ തിരുത്ത് വരുത്തി. അഴിമതിക്കാരനായ മന്ത്രി എന്ന മുൻ പ്രയോഗമാണ് സർക്കാർ തിരുത്തിയത്. സർക്കാരിനെതിരായ അഴിമതിയിലാണ് പ്രതിപക്ഷം സഭയിൽ പ്രതിഷേധിച്ചതെന്നാണ് സർക്കാർ ഇന്ന് കോടതിയെ അറിയിച്ചത്. സഭയിൽ വനിതാ അംഗങ്ങളെ അപമാനിക്കുന്ന നടപടിയുണ്ടായെന്നും സർക്കാർ കോടതിയെ ബോദ്ധ്യപ്പെടുത്തി.
തോക്കുമായെത്തിയാലും സഭയ്‌ക്ക് പരമാധികാരമെന്ന് പറയാമോയെന്ന് കോടതി സർക്കാരിനോട് ചോദിച്ചു.ഇക്കാര്യത്തിൽ സർക്കാർ വിശദീകരണം നൽകണമെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. കോടതിയിലും രൂക്ഷമായ വാദപ്രതിവാദങ്ങൾ നടക്കാറുണ്ട്. എന്നുകരുതി കോടതിയിലെ സാമഗ്രികൾ നശിപ്പിക്കുമോയെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചു.
ജനാധിപത്യത്തിന്‍റെ ശ്രീകോവിലാണ് നിയമനിർമ്മാണ് സഭകൾ. സഭയിൽ അഭിപ്രായ പ്രകടനത്തിന് സ്വാതന്ത്ര്യമുണ്ടെന്ന കാര്യത്തിൽ തർക്കമില്ല. എം എൽ എമാർ തന്നെ സാമഗ്രികൾ നശിപ്പിക്കാൻ ശ്രമിക്കുന്നതിന് പിന്നിൽ എന്ത് പൊതുതാത്പര്യമാണെന്നും കോടതി സർക്കാരിനോട് ചോദിച്ചു.