Crime
സ്വാതന്ത്ര്യം കിട്ടി എഴുപത്തിയഞ്ചു വര്‍ഷത്തിനു ശേഷവും രാജ്യദ്രോഹ നിയമം ആവശ്യമുണ്ടോയെന്ന് കോടതി

ഡൽഹി:സ്വാതന്ത്ര്യം കിട്ടി എഴുപത്തിയഞ്ചു വര്‍ഷത്തിനു ശേഷവും രാജ്യദ്രോഹ നിയമം ഇനിയും ആവശ്യമുണ്ടോയെന്ന് സുപ്രീം കോടതി. സ്വാതന്ത്ര്യ സമരത്തെ അടിച്ചമര്‍ത്താന്‍ ബ്രിട്ടിഷുകാരുണ്ടാക്കിയ നിയമമാണ് അതെന്ന് ചീഫ് ജസ്റ്റിസ് എന്‍വി രമണ ചൂണ്ടിക്കാട്ടി.
രാജ്യദ്രോഹ നിയമത്തിന്റെ സാധുത ചോദ്യം ചെയ്ത് റിട്ട. ആര്‍മി ജനറല്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം. രാജ്യദ്രോഹ കേസുകള്‍ക്ക് ആധാരമായ ഐപിസി 124 എ കാലഹരണപ്പെട്ടതാണെന്നാണ് ഹര്‍ജിയിലെ വാദം.
രാജ്യദ്രോഹ നിയമം കൊളോണിയല്‍ ആണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. അതു സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്നു. മഹാത്മാ ഗാന്ധിക്കും തിലകനും എതിരെയെല്ലാം അതു പ്രയോഗിക്കപ്പെട്ടിട്ടുണ്ട്. സ്വാതന്ത്ര്യത്തിന് എഴുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷവും ഇത്തരമൊരു നിയമം ആവശ്യമുണ്ടോ? – ചീഫ് ജസ്റ്റിസ് ചോദിച്ചു.
രാജ്യദ്രോഹ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നതിന്റെ നിരക്ക് തീരെ കുറവാണെന്ന് കോടതി ചൂണ്ടിക്കാട്ടി. എക്‌സിക്യൂട്ടിവ് അധികാരം ദുര്‍വിനിയോഗം ചെയ്യുന്നതുകൊണ്ടാണിത്. ഒരു മരക്കഷണം മുറിക്കാന്‍ ആശാരിക്കു വാള്‍ കൊടുക്കുകയും അതുപയോഗിച്ച് അയാള്‍ കാടു മുഴുവന്‍ മുറിക്കുന്നതുപോലെയാണ് രാജ്യദ്രോഹ നിയമത്തിന്റെ പ്രയോഗം.
ഞങ്ങള്‍ ഏതെങ്കിലും സര്‍ക്കാരിനെയോ സംസ്ഥാനത്തെയോ കുറ്റപ്പെടുത്തുകയല്ല. എന്നാല്‍ ഐടി വകുപ്പിലെ 66എ വകുപ്പിന് എന്താണ് സംഭവിച്ചതെന്നു നോക്കണം. അതു റദ്ദാക്കി കാലങ്ങള്‍ കഴിഞ്ഞിട്ടും ഇപ്പോഴും ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. എത്ര പേരാണ് ആ വകുപ്പില്‍ കുടുങ്ങിക്കിടക്കുന്നത്? ഒരു പൊലീസ് ഓഫിസര്‍ വിചാരിച്ചാല്‍ ആരെയും രാജ്യദ്രോഹക്കേസില്‍ കുടുക്കാമെന്ന സ്ഥിതിയാണ്. ഒരുപാടു നിയമങ്ങള്‍ വേണ്ടെന്നുവച്ച സര്‍ക്കാര്‍ രാജ്യദ്രോഹ കേസില്‍ പുനരാലോചന നടത്താത്തത് എന്തുകൊണ്ടെന്ന് ചീഫ് ജസ്റ്റിസ് അറ്റോര്‍ണി ജനറലിനോടു ചോദിച്ചു.