Connect with us

Crime

മന്ത്രിമാരും ജഡ്ജിമാരും അടക്കമുള്ളവരുടെ ഫോണുകള്‍ ചോര്‍ത്തിയതായി സുബ്രഹ്മണ്യന്‍ സ്വാമി

Published

on

ന്യൂഡല്‍ഹി: ഇസ്രയേല്‍ നിര്‍മിത ചാര സോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗിച്ച് ഇന്ത്യയിലെ മന്ത്രിമാരും ജഡ്ജിമാരും അടക്കമുള്ളവരുടെ ഫോണുകള്‍ ചോര്‍ത്തിയതായി കടുത്ത അഭ്യൂഹമുണ്ടെന്ന് രാജ്യസഭാ എം.പി. സുബ്രഹ്മണ്യന്‍ സ്വാമി. മോദി മന്ത്രിസഭയിലെ മന്ത്രിമാര്‍, ആര്‍എസ്എസ് നേതാക്കള്‍, സുപ്രീം കോടതി ജഡ്ജിമാര്‍, പത്രപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ ഫോണുകള്‍ ചോര്‍ത്തുന്നതായാണ് അദ്ദേഹം ഞായറാഴ്ച ചെയ്ത ട്വീറ്റില്‍ പറയുന്നത്.
വാഷിങ്ടണ്‍ പോസ്റ്റ്, ഗാര്‍ഡിയന്‍ എന്നീ മാധ്യമങ്ങള്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഉടന്‍ പുറത്തുവിടുമെന്നാണ് അഭ്യൂഹമെന്ന് അദ്ദേഹം ട്വീറ്റില്‍ പറയുന്നു. അതിനു ശേഷം താന്‍ ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും സുബ്രഹ്മണ്യന്‍ സ്വാമി വ്യക്തമാക്കുന്നു.
പെഗാസസ് പ്രമുഖരുടെ ഫോണുകള്‍ ചോര്‍ത്തുന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനുണ്ടെന്നും അതിനു ശേഷം വിശദാംശങ്ങള്‍ പറയാമെന്നും സുബ്രഹ്മണ്യന്‍ സ്വാമി പ്രതികരിച്ചു. എന്നാല്‍ ആര്‍ക്കുവേണ്ടിയാണ് പെഗാസസ് വിവരങ്ങള്‍ ചോര്‍ത്തുന്നത് എന്നത് വ്യക്തമല്ല.
അതേസമയം, പ്രതിപക്ഷ നിരയിലെ നിരവധി പേരുടെയും ഫോണുകള്‍ ചാര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ചോര്‍ത്തുന്നുണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. ഡെറെക് ഒബ്രിയാനും ആരോപിച്ചിട്ടുണ്ട്. സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റിനുള്ള പ്രതികരണമായാണ് അദ്ദേഹത്തിന്റെ ആരോപണം. ഈ വാര്‍ത്തയെ ശരിവെക്കുന്ന വിധത്തില്‍ രാഷ്ട്രീയക്കാരും മാധ്യമപ്രവര്‍ത്തകരും അടക്കമുള്ളവര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതികരണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
പെഗാസസ് എന്ന ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഇന്ത്യക്കാരായ വാട്‌സാപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി 2019ല്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. പത്രപ്രവര്‍ത്തകരും വിവരാവകാശ പ്രവര്‍ത്തകരും ഉള്‍പ്പെടെ 121 പേരുടെ ഫോണുകളില്‍ പെഗാസസ് നുഴഞ്ഞുകയറിയതായി വാട്‌സ്ആപ്പ് ആണ് അന്ന് കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്.
ഇസ്രയേല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍കമ്പനിയായ എന്‍.എസ്.ഒ. ഗ്രൂപ്പ് വികസിപ്പിച്ച സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമാണ് പെഗാസസ്. മൊബൈല്‍ ഫോണുകളില്‍ നുഴഞ്ഞുകയറി പാസ്വേഡ്, ബന്ധപ്പെടുന്ന ആളുകളുടെ വിവരങ്ങള്‍, വന്നതും അയച്ചതുമായ മെസേജുകള്‍, ക്യാമറ, മൈക്രോഫോണ്‍, സഞ്ചാരപഥം, ജി.പി.എസ്. ലോക്കേഷന്‍ തുടങ്ങി മുഴുവന്‍ വിവരവും ചോര്‍ത്താന്‍ ഇതിലൂടെ സാധിക്കും.

Continue Reading