KERALA
സിപിഎമ്മിൽ അച്ചടക്ക നടപടി .കുറ്റ്യാടി ലോക്കൽ കമ്മിറ്റി പൂർണമായും പിരിച്ചുവിട്ടു

കോഴിക്കോട്:കുറ്റ്യാടിയിൽതിരഞ്ഞെടുപ്പ് സമയത്ത് കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്‌റ്റർക്ക് സീറ്റ് നിഷേധിച്ചതിനെതിരെ ഉണ്ടായ പാർട്ടിയിലെ പ്രക്ഷോഭങ്ങൾക്കെതിരെ ശക്തമായ നടപടിയുമായി സിപിഎം. കുറ്റ്യാടി ലോക്കൽ കമ്മിറ്റി പൂർണമായും പിരിച്ചുവിട്ടു.ഏരിയാ കമ്മിറ്റി അംഗങ്ങളായ രണ്ടുപേർക്കെതിരെ അച്ചടക്ക നടപടിയെടുത്തു. ഇവരെ തരംതാഴ്ത്തി.
കുറ്റ്യാടിയിൽ നടന്ന പ്രതിഷേധത്തെ തുടർന്ന് കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്‌റ്ററെ കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റിൽ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തിയിരുന്നു. ഇതിനുപുറമേയാണ് ഇപ്പോൾ കനത്ത നടപടിയുണ്ടായിരിക്കുന്നത്. കൂടുതൽപേർക്കെതിരെ നടപടിയെടുക്കാനാണ് പാർട്ടി ആലോചന.
ഇന്ന് ചേർന്ന ഏരിയാ കമ്മിറ്റി യോഗത്തിലാണ് പ്രക്ഷോഭം പാർട്ടി വിരുദ്ധ പ്രവർത്തനമായി കണക്കാക്കി ശക്തമായ നടപടിയെടുത്തിരിക്കുന്നത്. വളയം, കുറ്റ്യാടി എന്നിങ്ങനെ മണ്ഡലത്തിലെ രണ്ട് ലോക്കൽ കമ്മിറ്റികളിൽ കുറ്റ്യാടി ലോക്കൽ കമ്മിറ്റിയാണ് പിരിച്ചുവിട്ടത്. ഇവിടെ അഡ്ഹോക് കമ്മിറ്റിയാകും ഇനി ഉണ്ടാകുക.തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ സീറ്റ് കേരളകോൺഗ്രസ് എമ്മിന് നൽകിയതിൽ പ്രതിഷേധിച്ചായിരുന്നു അന്ന് പാർട്ടി പ്രവർത്തകർ തെരുവിലിറങ്ങിയിരുന്നത്.