Crime
വണ്ടിപ്പെരിയാർ പീഡന കേസിൽ കുറ്റപത്രം ചൊവ്വാഴ്ച

ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ പീഡിപ്പിച്ചുകൊന്ന കേസിൽ കുറ്റപത്രം ചൊവ്വാഴ്ച സമർപ്പിക്കും. കുട്ടിയുടെ അയൽവാസിയായ വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റിലെ അർജുനാണ്(22) കേസിലെ പ്രതി. ബലാത്സംഗവും കൊലപാതകവും പോക്‌സോയുമടക്കം ആറ് വകുപ്പുകളാണ് പ്രതിയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്.
പ്രതിയെ പിടികൂടി 38 ദിവസത്തിനുള്ളിലാണ് കുറ്റപത്രം സമർപ്പിക്കുന്നത്. സ്വാഭാവിക ജാമ്യം കിട്ടാതിരിക്കാനും, പരമാവധി ശിക്ഷ ഉറപ്പാക്കാനുമാണ് നേരത്തെ കുറ്റപത്രം സമർപ്പിക്കുന്നത്. കേസിൽ 36 സാക്ഷികളുണ്ട്. ഇതുവരെ 150ലധികം പേരുടെ മൊഴി രേഖപ്പെടുത്തി.
കഴിഞ്ഞ ജൂൺ 30നാണ് കുട്ടിയെ ലയത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുരുങ്ങിയെന്നാണ് ആദ്യം കരുതിയത്. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ആറുവയസുകാരി പീഡിപ്പിക്കപ്പെട്ടെന്ന് കണ്ടെത്തിയതോടെ അന്വേഷണം അയൽവാസികളിലേക്ക് നീങ്ങി. തുടർന്ന് നിരവധിപേരെ ചോദ്യം ചെയ്തു. പരസ്‌പര വിരുദ്ധമായാണ് അർജുൻ മൊഴി നൽകിയത്.കൊല്ലപ്പെട്ട ദിവസം ആറ് വയസുകാരിയെ കണ്ടിട്ടില്ലെന്നായിരുന്നു അർജുന്റെ ആദ്യ മൊഴി. എന്നാൽ അർജുൻ അന്ന് ഉച്ചയ്‌ക്ക് കുട്ടിയെ മടിയിലിരുത്തി കളിപ്പിക്കുന്നത് കണ്ടവരുണ്ടായിരുന്നു. സംഭവ ദിവസം ഉച്ചകഴിഞ്ഞ് പ്രതിയും മൂന്ന് സുഹൃത്തുക്കളും സമീപത്തെ ബാർബർ ഷോപ്പിൽ പോയിരുന്നു. അല്പം കഴിഞ്ഞ് അർജുനെ കാണാതായി. ഇതും സംശയത്തിനിടയാക്കി.
ജൂലായ് നാലിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്.വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.മാതാപിതാക്കൾ ജോലിയ്ക്ക് പോയ സമയത്തായിരുന്നു പീഡനം. കുട്ടിയ്ക്ക് മിഠായി നൽകി മുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചു. അതിനിടെ അബോധാവസ്ഥയിലായ ആറുവയസുകാരി മരിച്ചെന്ന് തെറ്റിദ്ധരിച്ച് കെട്ടിത്തൂക്കി. ഈ സമയത്ത് കുട്ടി മരിക്കുകയായിരുന്നു.