Connect with us

NATIONAL

ചരിത്രം വഴി മാറുന്നു.ആഗസ്റ്റ് 15 ന് സി.പി.എം ഓഫീസുകളിൽ ദേശീയ പതാക പാറിക്കളിക്കും

Published

on

കൊൽക്കത്ത: സി.പി.എം അടുത്ത ആഗസ്റ്റ് 15ന് എല്ലാ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളും വിപുലമായി ആഘോഷിക്കാൻ തീരുമാനിച്ചു. എല്ലാ പാർട്ടി ഓഫീസുകളിലും ദേശീയ പതാക ഉയർത്തുമെന്ന് സി.പി.എമ്മിന്റെ ഒരു മുതിർന്ന നേതാവ് പറഞ്ഞതായി ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി (സി.പി.ഐ) ഈ സ്വാതന്ത്ര്യം വ്യാജമാണ് എന്ന മുദ്രാവാക്യം ഉയർത്തി ഏഴ് പതിറ്റാണ്ടിലേറെയായതിനു ശേഷമാണ് ഇത്തരമൊരു മനം മാറ്റം ഉണ്ടായിരിക്കുന്നത്.
എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനത്തിൽ എല്ലാ പാർട്ടി ഓഫീസുകളിലും ത്രിവർണ്ണ പതാക ഉയർത്താൻ തീരുമാനിച്ചതായി സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം സുജൻ ചക്രവർത്തി പറഞ്ഞതായാണ് വാർത്ത റിപ്പോർട്ട് ചെയ്യപ്പെട്ടത്. പശ്ചിമബംഗാൾ സംസ്ഥാന കമ്മിറ്റിയുടെ മുതിർന്ന പ്രവർത്തകൻ കൂടിയായ സുജൻ ചക്രവർത്തി, പാർട്ടി ആദ്യമായി ഈ ദിനം ആചരിക്കുന്നുവെന്ന വാദം തള്ളിക്കളഞ്ഞു. ഒപ്പം വ്യത്യസ്തമായ രീതിയിൽ നേരത്തെ ആഘോഷിച്ചിരുന്നുവെന്നും പറഞ്ഞു.ഞങ്ങൾ സാധാരണയായി സ്വാതന്ത്ര്യ ദിനം ആചരിക്കുന്നത് ഫാസിസ്റ്റ് ശക്തികളാലും വർഗീയ ശക്തികളാലും രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും അപകടങ്ങളെക്കുറിച്ചും ചർച്ചകൾ നടത്തിക്കൊണ്ടാണ്. ഇത്തവണ കൂടുതൽ വിപുലമായി നടക്കും. എഴുപത്തിയഞ്ചാം അല്ലെങ്കിൽ നൂറാം വർഷം എല്ലാ തവണയും വരില്ലെന്നും സുജൻ ചക്രവർത്തി ഒരു വാർത്താ ഏജൻസിയോട് പറഞ്ഞു.പാർട്ടിയുടെ ചെങ്കൊടിക്കൊപ്പം ത്രിവർണ്ണ പതാകയും ഉയരും, ഇത് ഓഗസ്റ്റ് 15ന് സി.പി.എം ഓഫീസുകളിൽ ആദ്യമായി കാണുമെന്ന് മറ്റൊരു പാർട്ടി നേതാവ് പറഞ്ഞതായും ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. സി.പി.എമ്മിന്റെ കേന്ദ്ര കമ്മിറ്റിക്ക് ശേഷമാണ് ഇത്തരമൊരു തീരുമാനം പുറത്ത് വന്നതെന്നും റിപ്പോർട്ട് പറയുന്നു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പിളർപ്പിനെത്തുടർന്ന് രാജ്യത്തെ പ്രധാന ഇടതുപക്ഷത്തിന്റെ പങ്ക് ഏറ്റെടുത്ത സി.പി.എമ്മിന്റെ ഈ തീരുമാനം ഏറെ ചർച്ചകൾക്ക് ഇടനൽകുന്ന കാര്യത്തിൽ തർക്കമില്ല.

Continue Reading