HEALTH
ഡോക്ടർമാർക്കെതിരായ അക്രമങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന മറുപടി തിരുത്തി ആരോഗ്യമന്ത്രി

തിരുവനന്തപുരം: ഡോക്ടർമാർക്കെതിരായ അക്രമങ്ങൾ വർദ്ധിച്ച് വരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന മറുപടി ആരോഗ്യമന്ത്രി തിരുത്തി. ഡോക്ടർമാർക്ക് എതിരായ അക്രമം കൂടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രി തിരുത്തിയത്. സ്പീക്കറുടെ പ്രത്യേക അനുമതിയോടെ പുതുക്കിയ മറുപടി സഭയുടെ മേശപ്പുറത്ത് വച്ചു.
ആഗസ്റ്റ് നാലിന് നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് രോഗികളുടെ ബന്ധുക്കളിൽ നിന്നും അക്രമങ്ങൾ വർദ്ധിച്ച് വരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് മന്ത്രി അറിയിച്ചത്. ഇത് ഏറെ വിവാദം സൃഷ്‌ടിക്കുകയും ചെയ‌്തു.
ആരോഗ്യമന്ത്രിയുടെ പരാമർശത്തിനെതിരെ ഡോക്ടർമാരുടെ സംഘടനകളും പ്രതിപക്ഷവും രംഗത്തെത്തി. തുടർന്ന് സംഭവത്തിൽ വിശദീകരണവുമായി ആരോഗ്യമന്ത്രി വാർത്താ സമ്മേളനം വിളിച്ചു. സാങ്കേതികപിഴവാണ് സംഭവിച്ചതെന്നും രണ്ട് സെക്ഷനുകൾക്കിയിലുണ്ടായ ആശയക്കുഴപ്പമാണെന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം.