International
രണ്ടു വർഷത്തെ ഇടവേളക്ക് ശേഷം മോദി അമേരിക്കൻ സന്ദർശനത്തിനൊരുങ്ങുന്നു

ന്യൂഡൽഹി: രണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ സന്ദർശനം നടത്തുന്നു. ഈ മാസം 22 മുതൽ 27 വരെയാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ സ്ഥാനം ഏറ്റെടുത്തിട്ട് മോദി നടത്തുന്ന ആദ്യ അമേരിക്കൻ സന്ദർശനമാണിത്. സന്ദർശനവേളയിൽ ബൈഡനുമായി മോദി കൂടികാഴ്ച നടത്തും.
അഫ്‌ഗാനിസ്ഥാനിൽ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റം ഇരു നേതാക്കളും ചർച്ച ചെയ്തേക്കുമെന്ന് സൂചനയുണ്ട്. അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ പിന്മാറ്റത്തിൽ ഇന്ത്യ വെറുമൊരു കാഴ്ചക്കാരനായി നിന്നുവെന്ന് അന്താരാഷ്ട്ര സമൂഹങ്ങളിൽ വിമർശനം ഉയരുന്നുണ്ട്. അതു കൂടാതെ, അഫ്‌ഗാനിസ്ഥാനിൽ അമേരിക്കക്ക് ഉണ്ടായിരുന്ന ആയുധങ്ങളിൽ ഒരു ഭാഗം പാകിസ്ഥാനിലേക്ക് മാറ്റിയതായും വാർത്തകളുണ്ടായിരുന്നു. അമേരിക്ക ഇന്ത്യയിൽ നിന്നും അകന്ന് പാകിസ്ഥാനോട് അടുക്കുകയാണെന്ന സൂചന നിലനിൽക്കുന്നതിനാൽ ഇതിന്മേലുള്ള ഇന്ത്യയുടെ ആശങ്ക മോദി ബൈഡനെ അറിയിക്കുമെന്ന സൂചനയുണ്ട്.