Crime
പഞ്ച്ശീർ താഴ്‌വരയിലെ പ്രതിരോധ സേനയെ കീഴടക്കിയതായി വീണ്ടും താലിബാൻ

കാബൂൾ: അഫ്ഗാനിസ്ഥാൻ ഭരണം പിടിച്ചെടുത്ത് ദിവസങ്ങൾ പിന്നിട്ടിട്ടും കീഴടങ്ങാതിരുന്ന പഞ്ച്ശീർ താഴ്‌വരയിലെ പ്രതിരോധ സേനയെ കീഴടക്കിയതായി വീണ്ടും താലിബാൻ. അഹ്‌മദ് മസൂദിന്റെ സേനയെ പരാജയപ്പെടുത്തിയതായി താലിബാൻ വക്താവ് സബീഹുളള മുജാഹിദ് പറഞ്ഞു.
പഞ്ച്ശീർ ഗവർണറുടെ ഓഫീസിന് മുന്നിൽ നിൽക്കുന്ന താലിബാൻ നേതാക്കളുടെ ചിത്രം സമൂഹമാദ്ധ്യങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഗവർണർ ഓഫീസിൽ താലിബാൻ പതാക ഉയർത്തി. പഞ്ച്ശീർ താഴ്‌വരയുടെ തലസ്ഥാനമായ ബസറാക്ക് കീഴടക്കിയതായി താലിബാൻ മുൻപ് അറിയിച്ചിരുന്നു. തങ്ങളുടെ ഭാഗത്ത് നിരവധി പേർക്ക് ആൾനാശമുണ്ടായതായി പ്രതിരോധ സേനയും അറിയിച്ചിട്ടുണ്ട്.പ്രവിശ്യയിലെ പൊലീസ് ഹെഡ്ക്വാർട്ടേഴ്‌സും ജില്ലാ കേന്ദ്രവും കീഴടക്കിയതായി താലിബാൻ അറിയിച്ചു. എന്നാൽ ആയിരക്കണക്കിന് താലിബാൻ സേനാംഗങ്ങളെ തടവിലാക്കിയതായി പ്രതിരോധ സേന മേധാവി അഹ്‌മദ് മസൂദ് അവകാശപ്പെട്ടിരുന്നു. അതേസമയം പ്രതിരോധ സേന തലവൻ അഹ്‌മദ് മസൂദും അഫ്ഗാൻ മുൻ വൈസ് പ്രസിഡന്റും പ്രതിരോധ സേനയോടൊപ്പം താലിബാനെ നേരിടുന്നവരിൽ പ്രധാനിയായ അമ‌്റുളള സലെയും ഇപ്പോൾ ഒളിവിലാണ്. താലിബാന് കീഴടങ്ങിയിട്ടില്ലെന്നും പോരാട്ടും തുടരുമെന്നുമാണ് ഇവരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പുറത്തുവിടുന്ന വിവരം.