HEALTH
രണ്ട് ഡോസ് വാക്സിനേഷൻ എടുത്ത ആളുകൾക്ക് കോവിഡ് ബാധിച്ച് മരിക്കാനുള്ള സാധ്യത 11 മടങ്ങ് കുറവ്

വാഷിങ്ടൻ : രണ്ട് ഡോസ് വാക്സിനേഷൻ എടുത്ത ആളുകൾക്ക് കോവിഡ് ബാധിച്ച് മരിക്കാനുള്ള സാധ്യത 11 മടങ്ങ് കുറവാണെന്ന് കണ്ടെത്തൽ. കുത്തിവയ്പ് എടുക്കാത്തവരുമായി താരതമ്യം ചെയ്യുമ്പോൾ ആശുപത്രിയിലാകാനുള്ള സാധ്യത 10 മടങ്ങ് കുറവാണെന്നും പഠനത്തിൽ കണ്ടെത്തി. ഡെൽറ്റ വൈറസ് വകഭേദം ഏറ്റവും സാധാരണമായ വേരിയന്റായി മാറിയെന്നും യുഎസ് ആരോഗ്യ അധികൃതർ വ്യക്തമാക്കി.സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് പുതിയ കണ്ടെത്തൽ.
കോവിഡ് വാക്സീനുകളുടെ തുടർച്ചയായ ഫലപ്രാപ്തിയെക്കുറിച്ചാണ് പഠനം. വാക്സിനേഷൻ എടുത്ത 86 ശതമാനത്തിലധികം പേർക്ക് ആശുപത്രിവാസം വേണ്ടിവന്നില്ല. എന്നാൽ, 75 വയസ്സിന് മുകളിലുള്ളവരിൽ 76 ശതമാനത്തിനും ആശുപത്രിവാസം ഒഴിവാക്കാനായി.
മോഡേണ വാക്സീന് മറ്റുള്ളവയേക്കാൾ 95 ശതമാനമാണ് ഫലപ്രാപ്തി. അമേരിക്കയിൽ രണ്ട് ഡോസും സ്വീകരിച്ചവർക്ക് ബൂസ്റ്റർ ഡോസ് നൽകാനുള്ള തയാറെടുപ്പാണ് നടക്കുന്നത്. പ്രായമായവർക്കാണ് ആദ്യം നൽകുക. വാക്സീനെടുത്തതിലൂടെ കോവിഡ് മൂലമുള്ള മരണസംഖ്യകുറഞ്ഞെന്നും ആശുപത്രിയിലാകുന്നവരുടെ എണ്ണം വളരെ കുറഞ്ഞെന്നുമാണ് കണ്ടെത്തൽ.