HEALTH
തൈറോയിഡ് കാൻസർ രോഗികൾക്ക് ആശ്വാസമായി അയഡിൻ-131 ഹൈഡോസ് ചികിത്സ തലശ്ശേരി മലബാർ കാൻസർ സെന്ററിൽ

കണ്ണൂർ: തൈറോയിഡ് കാൻസർ ചികിത്സയ്ക്ക് ആവശ്യമായ അയഡിൻ 131 ചികിത്സയും മറ്റു നൂതന ടാർഗെറ്റഡ് തെറാപ്പികളും എം സി സി യിലെ ന്യൂക്ലിയർ മെഡിസിൻ വിഭാഗത്തിൽ
ഉത്തരകേരളത്തിലെ തൈറോയിഡ് കാൻസർ രോഗികൾക്ക് ആശ്വാസമായി അയഡിൻ-131 ഹൈഡോസ് ചികിത്സ തലശ്ശേരി മലബാർ കാൻസർ സെന്ററിൽ ആരംഭിച്ചു. ഒരേസമയം രണ്ട് രോഗികൾക്ക് കിടത്തി ചികിത്സ നൽകാൻ കഴിയുന്ന തരത്തിലുള്ള ക്രമീകരണങ്ങളാണ് എം.സി.സി യിൽ ഒരുക്കിയിട്ടുള്ളത് . എം.സി.സി യിലെ ആദ്യത്തെ ഹൈഡോസ് അയഡിൻ-131 ചികിത്സ 2021 ആഗസ്ത് 21ന് നൽകുകയും ചെയ്തു. ഇതോടൊപ്പം MIBG(മെറ്റാ അയോടൊ ബെൻസിൽ ഗുവാനിഡിൻ) പരിശോധനയും, തെറാപ്പിയും എം.സി.സി യിൽ ആരംഭിച്ചു. അയഡിൻ-131 റേഡിയോ ഐസോടോപ്പ് ഉപയോഗിച്ചുള്ള രോഗനിർണയ പ്രക്രിയയാണ് I- 131 MIBG(മെറ്റാ അയോടൊ ബെൻസിൽ ഗുവാനിഡിൻ) സ്‌കാൻ. ന്യൂറോബ്ലാസ്‌റ്റോമ, ഫിയോക്രോമോ സൈറ്റോമ, തുടങ്ങിയ ന്യൂറോഎൻഡോക്രൈൻ ട്യൂമറുകൾ കണ്ടെത്താൻ MIBG സ്‌കാന് സാധിക്കും. MIBG ആഗിരണം ചെയ്യുന്ന ന്യൂറോ എൻഡോക്രൈൻ ട്യൂമറുകൾ ഹൈഡോസ് MIBG യിൽ നിന്ന് വമിക്കുന്ന ബീറ്റാ രശ്മികൾ ഉപയോഗിച്ച് ചികിൽസിക്കാൻ കഴിയും. കാർസിനോയിഡ്, മെഡുല്ലറി തൈറോയിഡ്, കാർസിനോമ എന്നിവ കണ്ടെത്താനും ഈ രോഗ നിർണ്ണയ പ്രക്രിയ ഉപയോഗിക്കാവുന്നതാണ്. അർബുദ കോശങ്ങൾ മാത്രം കേന്ദ്രീകരിച്ചു ചുറ്റുമുള്ള മറ്റു കോശങ്ങളെ നശിപ്പിക്കാതെയുള്ള ടാർഗെറ്റെഡ് തെറാപ്പി സംവിധാനങ്ങളായ DOTA തെറാപ്പി (ന്യൂറോ എൻഡോക്രൈൻ ട്യൂമർ), PSMA (Prostate Specific Membrane Antigen) തെറാപ്പി (പ്രോസ്റ്റേറ്റ് കാൻസർ ) MIBG തെറാപ്പി (ന്യൂറോബ്ലാസ്‌റ്റോമ), ബോൺ പെയിൻ പാലിയേഷൻ എന്നിവയും എം.സി.സി യിൽ ഇപ്പോൾ ലഭ്യമാണ്.
മറ്റ് അർബുദങ്ങളിൽ നിന്നും വ്യത്യസ്തമായി പ്രോസ്റ്റേറ്റ് കാൻസർ സാവധാനത്തിൽ വളരുന്നത് പലപ്പോഴും സാധാരണ രീതിയിലുള്ള PET (Positron Emission Tomography) സ്കാനുകളിൽ ദൃശ്യമാകണമെന്നില്ല. PSMA-PET/CT സ്കാനിംഗിൽ പ്രോസ്റ്റേറ്റ് സ്പെസിഫിക് മെംബ്രേൻ ആന്റിജൻ അല്ലെങ്കിൽ PSMA എന്ന് വിളിക്കുന്ന മിക്ക പ്രോസ്റ്റേറ്റ് കാൻസർ കോശങ്ങളിലും ഒരു പ്രോട്ടീനെ പ്രത്യേകമായി ലക്ഷ്യമിടുന്ന റേഡിയോ ആക്റ്റീവ് ട്രേസർ ഉപയോഗിക്കും. PSMA-PET/CT സ്കാനിംഗിൽ പ്രോസ്റ്റേറ്റ് കാൻസറിന്റെ സൂക്ഷ്മമായ നിക്ഷേപങ്ങൾ വരെ കാണാൻ കഴിയും, അതിനാൽ ഇത് പ്രാരംഭഘട്ടത്തിൽ പ്രോസ്റ്റേറ്റ് കാൻസർ കണ്ടുപിടിക്കാൻ വളരെ ഫലപ്രദമാണ്. കേരളത്തിലെ തന്നെ ആദ്യത്തെ F-18 PSMA സ്‌കാൻ 2021 സെപ്റ്റംബർ ഒന്ന് 2021-ന് എം.സി.സി യിൽ ആരംഭിച്ചു.