Connect with us

NATIONAL

കോവിഡ് ബാധിച്ച് മരിച്ച വയോധികന്റെ മൃതദേഹം എലി കടിച്ചു. മൃതേദഹത്തിന്റെ കണ്ണും മുഖവും എലി കാര്‍ന്ന് തിന്നു

Published

on


ഭോപ്പാല്‍: കോവിഡ് ബാധിച്ചു മരിച്ച വയോധികന്റെ മൃതദേഹത്തില്‍ എലി കടിച്ചെന്ന് ആരോപിച്ച് ബന്ധുക്കള്‍. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. നവീന്‍ ചന്ദ് ജയിന്‍ എന്ന 87കാരന്റെ മൃതദേഹത്തിലാണ് എലി കടിച്ചത്. ഇതിന് പിന്നാലെ ആശുപത്രി അധികൃതരുമായും പൊലീസുമായും ബന്ധുക്കള്‍ തര്‍ക്കമുണ്ടാക്കി. കോവിഡ് ബാധയെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് 87കാരനെ ഇന്‍ഡോറിലുള്ള യുണീക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആശുപത്രി അധികൃതരില്‍ നിന്ന് മൃതദേഹം സ്വീകരിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് മുഖത്തും കാലിലും എലി കടിച്ചതായി കുടുംബാംഗങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. മൃതദേഹം സൂക്ഷിച്ചിരുന്നിടത്ത് വെച്ചാവാം എലി കടിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മൃതദേഹത്തിന്റെ കണ്ണ്, മുഖം, ചെവി, കാലുകള്‍ എന്നിവിടങ്ങളില്‍ എലി കടിച്ചതു കണ്ട് ഞെട്ടിപ്പോയി. സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ആശുപത്രി ജീവനക്കാര്‍ വിസമ്മതിക്കുകയാണെന്ന് മരിച്ചയാളുടെ മകന്‍ പ്രകാശ് ജയിന്‍ ആരോപിച്ചു.

ആശുപത്രിക്കു മുന്നില്‍വെച്ച് നവീന്‍ ചന്ദിന്റെ കുടുംബാംഗങ്ങളും ആശുപത്രി അധികൃതരും തമ്മില്‍ വാക്കേറ്റമുണ്ടായി. കൂട്ടംകൂടി നില്‍ക്കാതെ പിരിഞ്ഞു പോകാന്‍ പൊലീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് നവീന്‍ ചന്ദിന്റെ കുടുംബാംഗങ്ങളും പൊലീസും തമ്മിലും തര്‍ക്കമുണ്ടായി.

മരിച്ചയാളുടെ മൃതദേഹത്തില്‍ എലികള്‍ കേടുപാടുകള്‍ വരുത്തിയതായും വിഷയത്തില്‍ അന്വേഷണം ആരംഭിച്ചതായും ഇന്‍ഡോര്‍ കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ. എ മലാകര്‍ പറഞ്ഞു. ആശുപത്രി അധികൃതരുടെ കുറ്റകരാമായ അനാസ്ഥയ്ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി

Continue Reading