Crime
ലഖിംപുര്‍ – മരണം ഒമ്പതായി; യുപി അതിർത്തി അടച്ചു

ലഖ്നൗ: ഉത്തർപ്രദേശിലെ ലഖിംപുർ ഖേഡിയിൽ കർഷക സമരത്തിനിടെ ഉണ്ടായ സംഘർഷം പടരുന്നു. സംഭവത്തിൽ ഒരു പ്രാദേശിക മാധ്യമപ്രവർത്തകൻ കൂടി മരിച്ചതോടെ ആകെ മരണം ഒമ്പതായി. ലഖിംപുരിലേക്കുള്ള യാത്ര തടഞ്ഞതിനെ തുടർന്ന് പ്രതിഷേധിച്ച എസ്പി നേതാവ് അഖിലേഷ് യാദവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
കർഷകർക്ക് നേരെ കാർ ഓടിച്ച് കയറ്റിയെന്ന ആരോപണത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്രയുടെ മകനെതിരെ യുപി പോലീസ് കൊലപാതക കേസ് ഫയൽ ചെയ്തു.
സംഘർഷം നിലനിൽക്കുന്ന ലഖിംപുർ ഖേഡിയിലേക്കുള്ള യാത്ര പോലീസ് തടഞ്ഞതിനെതിരെ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച അഖിലേഷ് യാദവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഹസർഗഞ്ച് പോലീസാണ് അഖിലേഖിനെ കസ്റ്റഡിയിൽ എടുത്തത്. ഇതിനിടെ അഖിലേഷ് യാദവിന്റെ വസതിക്ക് പുറത്ത് നിർത്തിയിട്ടിരുന്ന പോലീസ് വാഹനത്തിന് പ്രതിഷേധക്കാർ തീയിട്ടു.
കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ യുപി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഘർഷത്തിൽ മരിച്ച കർഷകരുടെ കുടുംബങ്ങളെ പ്രിയങ്ക ഗാന്ധി സന്ദർശിക്കുമെന്ന് അറിയിച്ചതിന് പിന്നാലെ യുപി പോലീസ് പ്രിയങ്കയെ വീട്ടു തടങ്കലിലാക്കിയിരുന്നു. ഇത് വകവെക്കാതെ അവർ വീട്ടിൽ നിന്നും പുറത്തിറങ്ങുകയും സംഘർഷബാധിത പ്രദേശത്തേക്ക് തിരിക്കുകയുമായിരുന്നു. തുടർന്നാണ് യു.പി പോലിസ് പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്തത്.
ഇതിനിടെ, ലഖിംപൂരിൽ കൊല്ലപ്പെട്ട കർഷകരുടെ മൃതദേഹങ്ങൾ സംസ്കരിക്കാതെ കർഷക സംഘടനകൾ റോഡ് ഉപരോധിച്ച് പ്രതിഷേധിക്കുകയാണ്.