Connect with us

Gulf

ഇന്ധനം നിറച്ച ടാങ്കർ ലോറിയുമായി പാഞ്ഞിരുന്ന ഡെലീഷ്യ ഇനി ദുബായ് നിരത്തിലെ കൂറ്റൻ ട്രെയിലർ ഓടിക്കും

Published

on


തൃശ്ശൂർ: 300 കിലോമീറ്റർ ദൂരം 12,000 ലിറ്റർ ഇന്ധനം നിറച്ച ടാങ്കർ ലോറിയുമായി പാഞ്ഞിരുന്ന 23കാരി ഡെലീഷ്യയ്ക്ക് ഇനി ദുബായ് നിരത്തിലെ കൂറ്റൻ ട്രെയിലർ ഓടിക്കാം. കൊച്ചിയിലെ ഇരുമ്പനത്ത് നിന്ന് തിരൂരിലേക്ക് ലോറിയോടിച്ച് എത്തിയിരുന്ന 23കാരിയുടെ വാർത്ത വൈറലായതോടെയാണ് കടലിനക്കരെ  അവസരം കൈവന്നിരിക്കുന്നത്.

തൃശൂർ കണ്ടശ്ശാംകടവ് സ്വദേശിയാണ് ഡെലീഷ്യ. കേരളത്തിലെ നിരത്തുകളിൽ 12000 ലിറ്റർ ശേഷിയുള്ള ടാങ്കർ ലോറി ഓടിച്ച പെൺകുട്ടിക്ക് 60,000 ലിറ്റർ കാപ്പാസിറ്റിയുള്ള ട്രെയിലർ ഓടിക്കാനാണ് അവസരം ലഭിച്ചിരിക്കുന്നത്.

ഡെലീഷ്യയുടെ പിതാവായ ഡേവിസ് ടാങ്കർ ലോറി ഡ്രൈവറാണ്. അച്ഛന്റെ കൂടെ നടത്തിയ യാത്രകളാണു ഡെലീഷ്യയെ ഡ്രൈവിങ് സീറ്റിലേക്കെത്തിച്ചത്. തിരക്ക് കുറഞ്ഞ റോഡിലൂടെയുള്ള പരിശീലനം ഡെലീഷ്യയെ മികച്ച ഡ്രൈവറാക്കി മാറ്റുകയായിരുന്നു. പിന്നീട് ഫയർ ആൻഡ് സേഫ്റ്റി ലൈസൻസും സ്വന്തമാക്കി. കേരളത്തിൽ ഫയർ ആൻഡ് സേഫ്റ്റി ലൈസൻസ് ഡെലീഷ്യക്കു മാത്രമാണ്.

കഴിഞ്ഞ ദിവസമാണ് പുതിയ അവസരം അറിയിച്ചുള്ള കോൾ ഡെലീഷ്യയെ തേടിയെത്തിയത്. ഇതിനുപിന്നാലെ യാത്രയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി ഇന്ന് ഡെലീഷ്യ ദുബായിയിലേക്ക് പറന്നു.

രണ്ട് വർഷം നീണ്ട കരാറിന്റെ അടിസ്ഥാനത്തിലാണ് ഈ പെൺകുട്ടി ദുബായിയിലേക്ക് തിരിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഹെവി ലൈസൻസും മറ്റുമുള്ള ഡെലീഷ്യയ്ക്ക് ദുബായി ലൈസൻസ് കമ്പനി തന്നെ എടുത്ത് നൽകുമെന്നാണ് ഉറപ്പ് നൽകിയിട്ടുള്ളത്.

തൃശ്ശൂരിലെ കോളേജിൽനിന്നു എംകോം. ഫിനാൻസ് പൂർത്തിയാക്കിയ ഡെലീഷ്യ തൃശൂർ കണ്ടശ്ശാംകടവ് നോർത്ത് കാരമുക്ക് പിവി ഡേവിസിന്റെയും ട്രീസയുടെയും മകളാണ്. സഹോദരിമാരായ ശ്രുതി ദുബായിൽ നഴ്‌സും സൗമ്യ ലാബ് ടെക്‌നീഷ്യനുമാണ്.

Continue Reading