International
പട്ടിണിയുടെ കാര്യത്തിൽ ഇന്ത്യ മുന്നിൽ തന്നെ

ന്യൂഡൽഹി : പട്ടിണിയുടെ കാര്യത്തിൽ ഇന്ത്യ ഒട്ടും പിന്നോട്ടല്ലെന്ന് റിപ്പോർട്ട്.വർഷങ്ങൾ കഴിയുന്തോറും പട്ടിണി കുറയുന്നതിന് പകരം രാജ്യത്ത് കൂടുന്നതായി ആഗോള പട്ടിണി സൂചിക വെളിപ്പെടുത്തുന്നു. ഐറിഷ് ഏജൻസിയായ കൺസർൺ വേൾഡ് വൈഡും ജർമ്മൻ സംഘടനയായ വെൽറ്റ് ഹംഗർ ഹിൽഫെയും ചേർന്ന് തയ്യാറാക്കിയ 2021 ലെ റിപ്പോർട്ടിൽ ഇന്ത്യ ആഗോള സൂചികയിൽ നൂറ്റിയൊന്നാമത്തെ സ്ഥാനത്താണ് ഉള്ളത്. കഴിഞ്ഞ വർഷം ഇന്ത്യയുടെ സ്ഥാനം 94 ആയിരുന്നു എന്നത് പ്രത്യേകം ഓർക്കണം. നൂറ്റിപതിനാറ് രാജ്യങ്ങളുടെ പട്ടികയാണ് ഇക്കുറി തയ്യാറാക്കിയത്.ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ അയൽ രാജ്യങ്ങളായ നേപ്പാൾ (76), ബംഗ്ലാദേശ് (76), മ്യാൻമർ (71), പാകിസ്ഥാൻ (92) എന്നിവ ഭേദപ്പെട്ട നിലയിലാണ്. അതേസമയം താലിബാൻ അധികാരം കൈയടക്കിയ അഫ്ഗാനിസ്ഥാൻെറ റാങ്ക് നൂറ്റിമൂന്നാണ്. പോഷകാഹാരക്കുറവ്, കുട്ടികളുടെ വളർച്ച, ശിശുമരണം തുടങ്ങിയ അടിസ്ഥാനമാക്കിയാണ് സൂചികയിൽ സ്ഥാനം നിർണയിക്കുക. ചൈന, ബ്രസീൽ, കുവൈറ്റ് ഉൾപ്പടെയുള്ള രാജ്യങ്ങളാണ് പട്ടികയിൽ മുന്നിലുള്ളത്. കാലാവസ്ഥാ വ്യതിയാനം, പകർച്ചവ്യാധി തുടങ്ങിയവായി ലോകമെമ്പാടുമുള്ള ഭക്ഷ്യസുരക്ഷാ സ്ഥിതിയെ ഇക്കുറി ബാധിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്