Connect with us

Crime

മോന്‍സന്റെ വീട്ടില്‍ പ്പോയവര്‍ എന്തുകൊണ്ട് പുരാവസ്തു നിയമത്തെ കുറിച്ച് ചിന്തിച്ചില്ല?, ഐജി ലക്ഷ്മണിന്റെ ഇടപെടലിനെ കുറിച്ച് സത്യവാങ്മൂലത്തില്‍ വ്യക്തതയില്ലെന്നും കോടതി

Published

on

കൊച്ചി: പുരാവസ്തു  വില്‍പ്പനക്കാരന്‍ എന്ന വ്യാജേന മോന്‍സന്‍ മാവുങ്കല്‍ കോടികള്‍ തട്ടിയെടുത്ത കേസില്‍ പൊലീസിനെതിരെ ഹൈക്കോടതി. മോന്‍സന്‍ മാവുങ്കലിന്റെ വീടിന് സംരക്ഷണം നല്‍കിയത് നടപടിക്രമങ്ങള്‍ പാലിച്ചെന്നതടക്കം പൊലീസിന്റെ ഇടപെടലുകളെ ന്യായീകരിച്ച് ഡിജിപി അനില്‍കാന്ത് നല്‍കിയ സത്യവാങ്മൂലം പരിശോധിച്ചാണ് ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചത്.

ഡിജിപിയുടെ സത്യവാങ്മൂലം ഒട്ടേറെ ചോദ്യങ്ങളുയര്‍ത്തുന്നുവെന്ന് പറഞ്ഞ  കോടതി, ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ആരുവഴിയാണ് മോന്‍സനെ പരിചയപ്പെട്ടതെന്ന് ചോദിച്ചു.മോന്‍സന്റെ വീട്ടില്‍ പ്പോയവര്‍ എന്തുകൊണ്ട് പുരാവസ്തു നിയമത്തെ കുറിച്ച് ചിന്തിച്ചില്ല?,  നിയമപ്രകാരമാണോ പുരാവസ്തുക്കള്‍ സൂക്ഷിക്കുന്നത് എന്നത് സംബന്ധിച്ച് എന്തുകൊണ്ട് സംശയം തോന്നിയില്ല?,ഐജി ലക്ഷ്മണിന്റെ ഇടപെടലിനെ കുറിച്ച് സത്യവാങ്മൂലത്തില്‍ വ്യക്തതയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

മോന്‍സന്‍ എല്ലാ സംവിധാനങ്ങളും തന്നിഷ്ടത്തിന് ദുരുപയോഗം ചെയ്തു. പുരാവസ്തുക്കള്‍ കാണാന്‍ മോന്‍സന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ ശേഷം സംശയം തോന്നിയ മുന്‍ ഡിജിപി അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ട് കത്ത് നല്‍കി. വീടിന് മുന്നില്‍ ബീറ്റ് ബോക്‌സ് സ്ഥാപിക്കാന്‍ നിര്‍ദേശിച്ച് മറ്റൊരു കത്തും ഇറങ്ങിയത് ഇക്കാലത്താണ്. ഇത് എന്തൊരു വിരോധാഭാസമാണെന്നും കോടതി ചോദിച്ചു. അന്വേഷിക്കാന്‍ ആവശ്യപ്പെട്ട് ഡിജിപി കത്ത് നല്‍കി എട്ടുമാസത്തിന് ശേഷമാണ് റിപ്പോര്‍ട്ട് നല്‍കിയത്. അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ എന്തുകൊണ്ട് കാലതാമസം വരുത്തി?. മുന്‍ ഡിജിപിയും എഡിജിപിയും നല്‍കിയതടക്കം കേസുമായി ബന്ധപ്പെട്ട കത്തുകള്‍ ഹാജരാക്കാനും നിര്‍ദേശിച്ച് കേസ് പരിഗണിക്കുന്നത് നവംബര്‍ 11ലേക്ക് മാറ്റി.

പ്രതി മോന്‍സന്‍ മാവുങ്കലിന്റെ വീടിന് സംരക്ഷണം നല്‍കിയത് നടപടിക്രമങ്ങള്‍ പാലിച്ചെന്നായിരുന്നു കഴിഞ്ഞ ദിവസം പൊലീസ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്. മോന്‍സന്റെ വീടിന്റെ പ്രദേശത്ത് ഏര്‍പ്പെടുത്തിയത് പതിവു ബീറ്റ് പരിശോധന മാത്രമെന്ന് ഡിജിപി അനില്‍കാന്ത് നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. അപേക്ഷ പരിഗണിച്ചാണ് ബീറ്റ് ബോക്‌സ് സ്ഥാപിച്ചത്. മോന്‍സന് ഒരു തരത്തിലുള്ള അധിക സുരക്ഷയും നല്‍കിയിട്ടില്ല. അപേക്ഷ ലഭിക്കുമ്പോള്‍ നല്‍കുന്ന പതിവ് പൊലീസ് നിരീക്ഷണം മാത്രമാണ് മോന്‍സനും നല്‍കിയത്.

Continue Reading