Education
സ്‌കൂള്‍ തുറക്കുന്നത് വിദ്യാഭ്യാസരംഗത്ത് വന്‍ ഉണര്‍വുണ്ടാക്കും – മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഒന്നരവര്‍ഷം അടഞ്ഞുകിടന്ന സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തുറക്കാനിരിക്കേ, ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിങ്കളാഴ്ച വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട ദിനമെന്നാണ് പിണറായി വിജയന്‍ വിശേഷിപ്പിച്ചത്.
സ്‌കൂള്‍ തുറക്കുന്നത് വിദ്യാഭ്യാസരംഗത്ത് വന്‍ ഉണര്‍വുണ്ടാക്കും. കോവിഡ് കാലത്ത് ഏറ്റവുമധികം പ്രയാസം നേരിട്ടത് കുട്ടികളാണ്. വളര്‍ച്ചയുടെ നാളുകളാണ് അവര്‍ക്ക് നഷ്ടമായത്. ഇനി ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം. കോവിഡില്‍ നിന്ന് സംരക്ഷണം ലഭിക്കാന്‍ എല്ലാ കുട്ടികള്‍ക്കും ഹോമിയോ പ്രതിരോധമരുന്ന് നല്‍കണമെന്നും പിണറായി വിജയന്‍ നിര്‍ദേശിച്ചു.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടഞ്ഞു കിടന്ന സ്‌കൂളുകള്‍ പ്രവേശനോത്സവത്തോടെ തന്നെ കുട്ടികളെ സ്വീകരിക്കും. സംസ്ഥാനം പൂര്‍ണ സജ്ജമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. മാതാപിതാക്കളുടെ സമ്മതപത്രത്തോടെ വേണം കുട്ടികളെ അയക്കാന്‍. ആശങ്കയുള്ള രക്ഷാകര്‍ത്താക്കള്‍ സാഹചര്യം വിലയിരുത്തിയ ശേഷം പിന്നീട് കുട്ടികളെ അയച്ചാല്‍ മതിയെന്നും മന്ത്രി പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
ഉച്ചഭക്ഷണം ലഭ്യമാക്കുന്നതിനായി ഫണ്ട് അനുവദിച്ചിട്ടുണ്ട്. രണ്ട് ഡോസ് വാക്‌സിന്‍ എടുക്കാത്ത അധ്യാപകരും അനധ്യാപകരും രണ്ടാഴ്ചത്തേക്ക് സ്‌കൂളില്‍ വരുന്നത് ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. അധ്യാപകരില്ലാത്തയിടങ്ങളില്‍ താത്കാലിക അധ്യാപകരെ നിയമിക്കാന്‍ അനുമതി നല്‍കി. ലോവര്‍ പ്രൈമറി സ്‌കൂളുകളില്‍ പ്രഥമാധ്യാപകരെ കോടതി ഉത്തരവുപ്രകാരം നിയമിക്കുമെന്നും മന്ത്രി പറഞ്ഞു.