HEALTH
വീടുകളില്‍ എത്തി കോവിഡ് വാക്‌സിന്‍ നല്‍കാന്‍ നിര്‍ദേശം നല്‍കി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: വീടുകളില്‍ എത്തി കോവിഡ് വാക്‌സിന്‍ നല്‍കാന്‍ നിര്‍ദേശം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്‌സിനേഷന്‍ 50 ശതമാനത്തില്‍ താഴെ മാത്രം പൂര്‍ത്തിയാക്കിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ജില്ലാ കലക്ടര്‍മാരുമായി നടത്തിയ ചര്‍ച്ചയിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. വാക്‌സിനേഷന്‍ നല്‍കുന്നതിനായി മതനേതാക്കളുടെയും മറ്റു യുവ സംഘടനകളുടേയും സഹായം തേടാമെന്നും മോദി യോഗത്തില്‍ വ്യക്തമാക്കി. ഇതിനോടൊപ്പം തന്നെ രണ്ടാം ഡോസ് നല്‍കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കി.
ഇതുവരെ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തിയാണ് വാക്‌സിന്‍ നല്‍കിയിരുന്നത്. എന്നാല്‍ അതില്‍ നിന്ന് മാറി വീടുകള്‍ കേന്ദ്രീകരിച്ച് വാക്‌സിന്‍ നല്‍കണമെന്നാണ് മോദി വിവിധ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരുടേയും ഉദ്യോഗസ്ഥരുടേയും യോഗത്തില്‍ വെച്ച് വ്യക്തമാക്കിയത്.
സൗജന്യ വാക്‌സിന്‍ ക്യാമ്പയിന്റെ ഭാഗമായി നിലവില്‍ 2.5 കോടി ഡോസ് വാക്‌സിനുകളാണ് ദിവസവും നല്‍കുന്നത്. ഇത് രാജ്യത്തിന്റെ പ്രാപ്തിയേയാണ് കാണിക്കുന്നത്. ഇപ്പോഴത്തെ മുദ്രാവാക്യം എന്നത് എല്ലാ വീടുകളിലും വാക്‌സിന്‍ എത്തിക്കുക എന്നതാണ്. നമുക്ക് എല്ലാവരുടേയും വീടുകളില്‍ എത്തിച്ചേരേണ്ടതുണ്ട്. എല്ലാ ഗ്രാമങ്ങളും എല്ലാ നഗരങ്ങളും കേന്ദ്രീകരിച്ചായിരിക്കും വാക്‌സിനേഷന്‍ നടപ്പാക്കുക. ഇതിന് വേണ്ടി ഏത് വഴിയും സ്വീകരിക്കാം. ആവശ്യമെങ്കില്‍ 25 പേരടങ്ങുന്ന ടീമുകളാക്കി തിരിക്കാം. എന്‍സിസിയുടേയും എന്‍എസ്എസ് വൊളണ്ടിയര്‍മാരുടേയും സേവനങ്ങളും സ്വീകരിക്കാം. കൂടുതല്‍ പേരെ നമുക്ക് ബോധവാന്മാരാക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ജാര്‍ഖണ്ഡ്, മണിപ്പൂര്‍, നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ്, മഹാരാഷ്ട്ര, മേഖാലയ തുടങ്ങിയ സംസ്ഥാനങ്ങളിലെ 40ലധികം ജില്ലകളില്‍ വാക്‌സിനേഷന്റെ കാര്യത്തില്‍ വളരെ ഏറെ പിന്നിലാണെന്നും ഇതിനെക്കുറിച്ച് ഈ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ വിശദീകരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വെര്‍ച്വല്‍ വഴിയായിരുന്നു യോഗം.