KERALA
മുല്ലപ്പെരിയാർ റൂള്‍ കര്‍വ് പുനഃപരിശോധിക്കണമെന്ന് കേരളം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി : മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ റൂള്‍ കര്‍വ് പുനഃപരിശോധിക്കണമെന്ന് കേരളം സുപ്രീംകോടതിയില്‍. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താമെന്ന റൂള്‍ കര്‍വ് പുനഃപരിശോധിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടത്. നിലവിലെ പ്രശ്‌നത്തിന് ശാശ്വത പരിഹാരം പുതിയ അണക്കെട്ട് ആണെന്നും കേരളം ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ വിശദമായ മറുപടി സമര്‍പ്പിക്കാന്‍ സുപ്രീംകോടതി കേരളത്തോട് നിര്‍ദേശിച്ചിരുന്നു. അണക്കെട്ടിലെ നിലവിലെ റൂള്‍ കര്‍വ് അംഗീകരിക്കാന്‍ കഴിയില്ല. തമിഴ്‌നാട് നിര്‍ദേശിച്ചതും മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി അംഗീകരിച്ചതുമായ റൂള്‍ കര്‍വാണ് നിലവിലുള്ളത്. ഇതു പ്രകാരം നവംബര്‍ 30 ന് പരമാവധി ജലനിരപ്പായ 142 അടിയിലേക്ക് ഉയര്‍ത്തണമെന്ന് റൂള്‍ കര്‍വ് പറയുന്നു.
ഇത് ഒരു കാരണവശാലും അംഗീകരിക്കാനാകില്ല. കഴിഞ്ഞ നാലു വര്‍ഷത്തെ സംസ്ഥാനത്തെ മഴയുടെ സ്വഭാവം വലിയ തോതില്‍ മാറിയിട്ടുണ്ട്. അത് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പിനെയും ബാധിക്കുന്നുണ്ട്. തുടര്‍ച്ചയായി ഏതാനും ദിവസം മഴ പെയ്താല്‍ അണക്കെട്ടിലെ ജലനിരപ്പ് പൊടുന്നനെ ഉയരുന്നതും കേരളം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കാലാവസ്ഥയിലെയും മഴയിലെയും ഈ മാറ്റങ്ങള്‍ പരിഗണിച്ചുവേണം റൂള്‍ കര്‍വ് നിശ്ചയിക്കാനെന്നും കേരളം നിര്‍ദേശിക്കുന്നു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ മാറ്റം വരുത്തേണ്ടെന്ന മേല്‍നോട്ട സമിതി റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്ന് കേസിലെ ഹര്‍ജിക്കാരനായ ജോ ജോസഫ് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. അശ്രദ്ധമായി അണക്കെട്ടിന്റെ സുരക്ഷ കൈകാര്യം ചെയ്യുന്നതിലൂടെ ജനങ്ങളുടെ ജീവന്‍ വെച്ച് കളിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണം. അണക്കെട്ടിന്റെ റൂള്‍കര്‍വും ഗേറ്റ് ഓപ്പറേഷന്‍ ഷെഡ്യൂളും ഇതുവരെ അന്തിമമായിട്ടില്ല. സുരക്ഷ സംബന്ധിച്ച മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചല്ല അണക്കെട്ട് പ്രവര്‍ത്തിപ്പിക്കുന്നത് എന്നും ജോ ജോസഫ് സുപ്രീംകോടതിയെ അറിയിച്ചു.