KERALA
ഇന്ധനവില മുതൽ മുല്ലപ്പെരിയാർ വരെയുള്ള വിഷയങ്ങളിൽ കോൺഗ്രസ് വീണ്ടും സമരത്തിനൊരുങ്ങുന്നു

തിരുവനന്തപുരം: ഇന്ധനവില മുതൽ മുല്ലപ്പെരിയാർ വരെയുള്ള വിഷയങ്ങളിൽ കോൺഗ്രസ് വീണ്ടും സമരത്തിനൊരുങ്ങുന്നു. ഈ വിഷയങ്ങളെല്ലാം ജനങ്ങൾക്ക് മുന്നിൽ ഭീഷണിയായി നിൽക്കുന്നുവെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു.
ഈ മാസം 18ന് 140 നിയോജക മണ്ഡലങ്ങളിൽ മാർച്ചും ധർണ്ണയും സംഘടിപ്പിക്കും. സെക്രട്ടേറിയറ്റ് മുതൽ രാജ്ഭവൻ വരെ മനുഷ്യച്ചങ്ങല പിടിക്കും. സാമൂഹ്യ സാസ്കാരിക മേഖലയിലുള്ളവരെ സമരത്തിൽ പങ്കെടുപ്പിക്കുമെന്നും കെ സുധാകരൻ പറഞ്ഞു.
മുല്ലപ്പെരിയാർ മരംമുറിയുമായി ബന്ധപ്പെട്ട ഉത്തരവിൽ മുഖ്യമന്ത്രി കളവ് പറയുകയാണ്. എല്ലാ തെളിവുകളും ഓരോ ദിവസവും പുറത്ത് വരുന്നു. വനം മന്ത്രിക്ക് മാനവും നാണവുമില്ലേയെന്നും നട്ടെല്ലുണ്ടെങ്കിൽ മന്ത്രി രാജി വയ്ക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
കെ റെയിലിൽ പദ്ധതിയിൽ സർക്കാർ ഹിത പരിശോധന നടത്തണം. ഹിതപരിശോധന നടത്തിയാൽ 85 ശതമാനും പേരും എതിർക്കും. കെ റെയിൽ ഖജനാവ് കൊള്ളയടിക്കാൻ ഉള്ള പദ്ധതിയാണെന്നും കുറ്റപ്പെടുത്തൽ.
എംജി സർവകലാശാലയിലെ ഗവേഷകയുടെ സമരം ദളിത് വിഭാഗത്തിൻറെ ആത്മവീര്യത്തിന് തെളിവ് ആണ്.ന്യായമായ ആവശ്യം പോലും സർക്കാരും സർവകലാശാലയും അനുവദിച്ചില്ലെന്നും അതാണ് സമരത്തിലേക്ക് പോയതെന്നും സുധാകരൻ പറഞ്ഞു.