KERALA
മുല്ലപ്പെരിയാർ : മന്ത്രിമാർക്ക് ഭിന്നസ്വരം

തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ബേബി ഡാമിന് സമീപത്തെ മരംമുറിയിൽ മന്ത്രി എകെ ശശീന്ദ്രനെ തള്ളി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ രംഗത്തെത്തി. ജലവകുപ്പ് ഉദ്യോഗസ്ഥർ ബേബിഡാമിന് സമീപത്തെ സംയുക്ത പരിശോധനയ്ക്ക് പോയിട്ടില്ലെന്നും ഒന്നാം തീയതി ഉദ്യോഗസ്ഥരുടെ യോഗം ചേർന്നിട്ടില്ലെന്നും റോഷി അഗസ്റ്റിൽ പറഞ്ഞു.
വനംവകുപ്പ് ഉദ്യോഗസ്ഥരും തമിഴ്നാട് ഉദ്യോഗസ്ഥരുമാണ് സംയുക്ത പരിശോധനക്ക് പോയത്.യോഗം ചേർന്നുവെന്ന് പറയുന്നതിന്റെ ഒരു രേഖയുമില്ലെന്നാണ് ജലവിഭവവകുപ്പ് അഡീഷണൽ സെക്രട്ടറി ടികെ ജോസ് തന്നെ അറിയിച്ചതെന്ന് റോഷി അഗസ്റ്റിൻ വ്യക്തമാക്കി.
ജലവിഭവവകുപ്പ് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് പോയിട്ടില്ല. കവറ്റിംഗ് ലെറ്റർ മാത്രമാണ് ഉള്ളത്. യോഗത്തിൻറെ മിനിറ്റ്സോ രേഖകളോ ഇല്ല. വനംവകുപ്പ് ഉദ്യോഗസ്ഥരാണ് പരിശോധനയിൽ പങ്കെടുത്തതെന്നും മന്ത്രി വിശദീകരിച്ചു.
ജലവിഭവ വകുപ്പിൽ നിന്ന് ഉത്തരവ് ഇറങ്ങിയിട്ടില്ലെന്നും അങ്ങനെയൊരു ഉത്തരവുണ്ടെന്ന് തെളിയിച്ചാൽ മരവിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മരംമുറിക്ക് ഒരു വകുപ്പും തീരുമാനമെടുത്തിട്ടില്ലെന്ന് വിശദീകരിച്ച റോഷി, ഒരു ഡിപ്പാർട്ട്മെൻറിലും വീഴ്ച ഉണ്ടാകാൻ പാടില്ലെന്നും വീഴ്ച ഉണ്ടായെങ്കിൽ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.