HEALTH
കൊവിഡ് ചികിത്സയ്ക്കായുള്ള മോൾനുപിരാവിർ ഗുളികകൾക്ക് ഇന്ത്യയിൽ ഉടൻ അനുമതി

ന്യൂഡൽഹി: കൊവിഡ് ചികിത്സയ്ക്കായുള്ള മോൾനുപിരാവിർ ഗുളികകൾക്ക് അടിയന്തര ഉപയോഗത്തിന് ഇന്ത്യയിൽ ഉടൻ അനുമതി ലഭിക്കും. ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ മോൾനുപിരാവിറിന്റെ ഉപയോഗത്തിന് അനുമതി ലഭിക്കുമെന്ന് കൊവിഡ് സ്ട്രാറ്റജി ഗ്രൂപ്പായ സി എസ് ഐ ആർ ചെയർമാൻ ഡോ.രാം വിശ്വകർമയാണ് അറിയിച്ചത്.
കൊവിഡ് രൂക്ഷമാകുന്ന, ആശുപത്രിയിലെ ചികിത്സ വേണ്ടിവരുന്ന മുതിർന്നവർക്കാണ് മോൾനുപിരാവിർ ഗുളിക നൽകുന്നത്. വാക്സിനേഷനേക്കാൾ മോൾനുപിരാവിർ ഗുളികകൾ ഫലപ്രദമാണെന്നും കൊവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കാവുന്ന മറ്റൊരു ഗുളികയായ ഫൈസർ കമ്പനി നിർമിക്കുന്ന പാക്സ്ളോവിഡ് ഗുളികകൾക്ക് അനുമതി ലഭിക്കുന്നത് അൽപ്പം കൂടി വൈകുമെന്നും ഡോ.രാം വിശ്വകർമ കൂട്ടിച്ചേർത്തു. പാക്സ്ളോവിഡ് ഗുളികകൾക്ക് കൊവിഡ് മരണസാദ്ധ്യതയും ആശുപത്രി ചികിത്സയും 89 ശതമാനം വരെ കുറയ്ക്കാനാകുമെന്ന് ക്ലിനിക്കൽ ട്രയലിന് ശേഷം ഫൈസർ കമ്പനി അവകാശപ്പെട്ടിരുന്നു.