KERALA
കേരളത്തില്‍ ശക്തമായ കാറ്റിനു സാധ്യത

തിരുവനന്തപുരം: നവംബര്‍ 15 വരെ കേരളത്തില്‍ ശക്തമായ കാറ്റിനു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ തെക്ക് ആന്‍ഡമാന്‍ കടലില്‍ തായ്‌ലന്‍ഡ് തീരത്തോടു ചേര്‍ന്ന് ശനിയാഴ്ച രാവിലെ 8.30ന് ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. ന്യൂനമര്‍ദ്ദം പടിഞ്ഞാറ്‌വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു ശക്തി പ്രാപിച്ചു നവംബര്‍ 15ഓടെ വടക്ക് ആന്‍ഡമാന്‍ കടലിലും തെക്കുകിഴക്ക് ബംഗാള്‍ ഉള്‍ക്കടലിലുമായി തീവ്രന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്.
തുടര്‍ന്ന് പടിഞ്ഞാറ് വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു ശക്തി പ്രാപിച്ചു നവംബര്‍ 18ഓടെ ആന്ധ്രാ തീരത്തു പ്രവേശിക്കാനും സാധ്യതയുണ്ട്. വടക്കന്‍ തമിഴ്‌നാടിനു മുകളില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നു. അതിനാല്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിച്ചിട്ടുണ്ട്. ഇതിന്റെ സ്വാധീനത്താല്‍ തെക്കന്‍ കേരളത്തില്‍ ശനിയാഴ്ച അതിതീവ്ര മഴയ്ക്കു സാധ്യതയുണ്ട്. ഞായറാഴ്ചയും തിങ്കളാഴ്ചയും ഒറ്റപ്പെട്ട അതിശക്ത മഴയ്ക്കും സാധ്യതയുണ്ട്.
കേരള ലക്ഷദ്വീപ് തീരത്ത് 13,14 തീയതികളില്‍ മത്സ്യബന്ധനത്തിനു പോകാന്‍ പാടില്ലെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ കടലിലും പോയിട്ടുള്ള മത്സ്യത്തൊഴിലാളികള്‍ നവംബര്‍ 15 നു ഉള്ളില്‍ തീരത്തു എത്തിച്ചേരണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.