KERALA
സഹകരണ സൊസൈറ്റികൾക്ക് ബാങ്ക് എന്ന് ഉപയോഗിക്കാൻ കഴിയില്ലെന്ന് ധനമന്ത്രാലയം
ന്യൂഡൽഹി: സഹകരണ സൊസൈറ്റികൾക്ക് ബാങ്ക് എന്ന് ഉപയോഗിക്കാൻ കഴിയില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിലാണ് ഇക്കാര്യം അറിയിച്ചത്. ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്ന നോട്ടീസ് പിൻവലിക്കാൻ കഴിയില്ലെന്ന് ആർ.ബി.ഐ വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.അംഗീകാരമില്ലാത്ത സൊസൈറ്റികളെ സംബന്ധിച്ചാണ് മുന്നറിയിപ്പ് നൽകിയിരുന്നത്. പൊതുജനങ്ങളുടെ താത്പര്യം സംരക്ഷിക്കേണ്ടത് ആർ.ബി.ഐയുടെ ഉത്തരവാദിത്തമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പ്രാഥമിക സഹകരണ ബാങ്കുകൾ ‘ബാങ്ക്’ എന്ന് പേരിനൊപ്പം ചേർക്കാൻ പാടില്ല, വോട്ടവകാശമുള്ള അംഗങ്ങളിൽനിന്നല്ലാതെ നിക്ഷേപം സ്വീകരിക്കാൻ പാടില്ല തുടങ്ങിയ നിബന്ധനകളാണ് ആർ.ബി.ഐ.യുടെ ഉത്തരവിലുള്ളത്. ബാങ്കിങ് നിയന്ത്രണ നിയമത്തിലുണ്ടായ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് ആർ.ബി.ഐ. നിർദേശങ്ങൾ പുറപ്പെടുവിച്ചത്.റിസർവ് ബാങ്കിന്റെ ലൈസൻസില്ലാത്ത സഹകരണ സംഘങ്ങൾ ബാങ്ക്, ബാങ്കിങ്, ബാങ്കർ, എന്നിങ്ങനെ പേരിനൊപ്പം ചേർക്കാൻ പാടില്ലെന്ന് വിലക്കിയിട്ടുണ്ടെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടി . ഇത് കേരളത്തിന് വലിയ തിരിച്ചടിയാണ്.
