KERALA
വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം. പശുവിനെ കടുവ കൊന്നു

വയനാട്: കുറുക്കന്മൂലയ്ക്ക് അടുത്ത് വീണ്ടും കടുവയുടെ ആക്രമണം. കുറുക്കന്മൂലയിൽ നിന്നും മൂന്ന് കിലോമീറ്റർ അകലെ പയ്യമ്പള്ളിയിലാണ് കടുവ എത്തിയത്. പയ്യമ്പള്ളി പുതിയിടം വടക്കുമ്പാടത്ത് ജോണിന്‍റെ പശുവിനെ കടുവ ആക്രമിച്ചു കൊന്നു. ഇതോടെ കടുവ കൊന്ന വളർത്തുമൃഗങ്ങളുടെ എണ്ണം 16 ആയി. കാട്ടിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെയുള്ള ജനവാസ മേഖലയാണ് പയ്യമ്പള്ളി. ഇവിടെ കടുവയുടെ കാൽപാടുകൾ കണ്ടെത്തിയിട്ടുണ്ട്. ഇവിടെ അടുത്ത് പരുന്താനിയിൽ ലൂസി ടോമിയുടെ ആടിനെയും കാണാതായി. തൊഴുത്തിൽ കെട്ടിയിരുന്ന ആടിന്‍റെ കയറു പൊട്ടിച്ചാണ് കൊണ്ടുപോയിരിക്കുന്നത്.
അതേസമയം, കടുവയെ പിടികൂടുന്നതിനായുള്ള തീവ്രശ്രമം നടന്നുവരികയാണ്. ചൊവ്വാഴ്ച മുതൽ രണ്ട് കുങ്കിയാനകളുടെ സഹായത്തോടെയാണ് കടുവയ്ക്ക് വേണ്ടി തെരച്ചിൽ നടത്തുന്നത്. പകൽവെളിച്ചത്തിൽ കണ്ടെത്തിയാൽ മയക്കുവെടിവച്ച് പിടികൂടി ശുശ്രൂഷിക്കാനാണ് വനംവകുപ്പിന്റെ തീരുമാനം.