HEALTH
ഗുരുതരമായി കോവിഡ് ബാധിച്ച ഭൂരിഭാഗം പേർക്കും രോഗലക്ഷണങ്ങൾ ഏറെക്കാലം നീണ്ടു നിൽക്കുന്നതായി പഠന റിപ്പോർട്ട്

ലണ്ടൻ: ഗുരുതരമായി കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവരിൽ ഭൂരിഭാഗം പേർക്കും രോഗലക്ഷണങ്ങൾ ഏറെക്കാലം നീണ്ടു നിൽക്കുന്നതായി പഠന റിപ്പോർട്ട്. കോവിഡിന്റെ പ്രഭാവം വിലയിരുത്താനായി യുകെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് റിസർച്ച് നടത്തിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
ആശുപത്രി വാസം കഴിഞ്ഞ് 12 മാസങ്ങൾക്ക് ശേഷമാണ് കോവിഡ് ബാധിതരായവരിൽ നേരിയ പുരോഗതി കാണിക്കുന്നത്. ഇവരിൽ പലരിലും കടുത്ത ക്ഷീണം, പേശീവേദന, ഉറക്കക്കുറവ്, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങൾ തുടരുകയാണെന്നും പഠനത്തിൽ എടുത്ത് പറയുന്നു.
തുടർച്ചയായ രോഗലക്ഷണങ്ങളുള്ള രോഗികളുടെ എണ്ണം വർധിക്കുന്നത് തൊഴിൽ വിപണികളെയും ആരോഗ്യ സംവിധാനങ്ങളെയും ബാധിക്കാൻ സാധ്യതയുണ്ട്. യുകെയിൽ തന്നെ അരലക്ഷത്തിലധികം ആളുകളെ കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നത് ഇതിന്റെ ഗുരുതരാവസ്ഥ മനസിലാക്കുന്നതാണെന്നും ഗവേഷകർ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
കോവിഡ് ഗുരുതരമായവരിൽ നേരിയ ലക്ഷണമുള്ളവരുമായി താരതമ്യപ്പെടുത്തുമ്പോൾ അനന്തരഫലങ്ങളുടെ എണ്ണം കൂടുതലാണ്. സ്ത്രീകളും അമിത വണ്ണമുള്ളവരും കോവിഡിന്റെ അന്തരഫലങ്ങളിൽനിന്ന് പൂർണമായും സുഖം പ്രാപിക്കാനുള്ള സാധ്യത കുറവാണെന്നും പഠനത്തിൽ വിലയിരുത്തുന്നു.