KERALA
ലീഗിനെതിരെ ഗുരുതര വിമർശനവുമായി കോടിയേരി

തിരുവനന്തപുരം: മുസ്ലീം ലീഗിനെതിരെ ഗുരുതര വിമർശനവുമായി സിപി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മുസ്ലീം ലീഗിനെ ജിന്ന ലീഗിനോട് ഉപമിച്ചുകൊണ്ടാണ് കോടിയേരി ബാലകൃഷ്ണന്‍ പാർട്ടി മുഖപത്രത്തിൽ പരാമർശം നടത്തിയത്.
ജിന്നയുടെ ലീഗിന്‍റെ പ്രവർത്തന ശൈലി മുസ്ലീം ലീഗ് ഇന്ന് പിന്തുടരുന്നുവെന്ന് ദേശാഭിമാനയിലെഴുതിയ മുഖ പ്രസംഗത്തിൽ കോടിയേരി പറയുന്നു. കോഴിക്കോട്ടെ റാലിയിൽ പച്ചയ്ക്ക് വർഗീയത പറഞ്ഞത് അതിന് തെളിവാണെന്നും 1946ൽ ബംഗാളിനെ വർഗീയ ലഹളയിലേക്ക് നയിച്ചത് ലീഗാണെന്നും കോടിയേരി ആരോപിച്ചു.
‘ഹിന്ദുത്വ വർഗീയതയുടെ വിപത്ത് തുറന്നുകാട്ടുന്നതിനല്ല, ബിജെപിയേക്കാൾ വിശ്വസിക്കാവുന്ന ഹിന്ദുവാണ് തങ്ങളെന്ന് സ്ഥാപിക്കുന്നതിനാണ് രാഹുലിന്‍റെയും കൂട്ടരുടേയും യത്‌നം. ഈ മൃതുഹിന്ദുത്വ നയം വൻ അപകടമാണെന്ന് പറയുന്നതിനുള്ള ഉള്ളുറപ്പുപോലുമില്ലാത്ത മുസ്ലിം ലീഗ് എങ്ങനെ ന്യൂനപക്ഷ സംരക്ഷണ പാർട്ടിയാകും ?’ – ലേഖനത്തിൽ കോടിയേരി ചൂണ്ടിക്കാട്ടി.
കേരളം വർഗീയ ലഹളയിൽ വീഴാത്തത് എൽ.ഡി.എഫ് ഭരണമായതിനാലാണ്. ജമാഅത്ത് ഇസ്ലാമിയുടെ ആത്മാവ് മുസ്ലീം ലീഗിൽ പ്രവേശിച്ചുവെന്നും സിപി.എം സംസ്ഥാന സെക്രട്ടറി ആരോപിച്ചു. ലീഗ് ഇന്ത്യൻ ഭരണഘടനയുടെ സത്തയെ വെല്ലുവിളിക്കുന്നുവെന്നും ലേഖനത്തിൽ പറയുന്നു.