KERALA
ഒട്ടകം രാജേഷിനെ അന്വേഷിച്ചുപോയ പൊലീസ് സംഘം സഞ്ചരിച്ച വള്ളം മറിഞ്ഞു. പോലീസുകാരൻ മരിച്ചു

തിരുവനന്തപുരം: വള്ളം മറിഞ്ഞ് പൊലീസുകാരൻ മരിച്ചു. എസ് എപി ക്യാംപിലെ ബാലു എന്ന പൊലീസുകാരനാണ് മരിച്ചത്. വർക്കല ഇടവ പണയിൽക്കടവിൽ ഇന്ന് ഉച്ചയ്‌ക്ക് ഒരു മണിയോടെയായിരുന്നു അപകടം. പോത്തൻകോട് സുധീഷ് വധക്കേസിലെ പ്രതി ഒട്ടകം രാജേഷിനെ അന്വേഷിച്ചുപോയ പൊലീസ് സംഘമാണ് അപകടത്തിൽ പെട്ടത്.
വർക്കല സി ഐയും രണ്ട് പൊലീസുകാരുമാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. രണ്ടു പേരെ രക്ഷപ്പെടുത്തിയെങ്കിലും ബാലുവിനെ കാണാതാവുകയായിരുന്നു. നാട്ടുകാരും പൊലീസുകാരും ചേർന്ന് ഒരു മണിക്കൂറോളം നടത്തിയ തെരച്ചിലിനൊടുവിലാണ് അദ്ദേഹത്തെ രക്ഷപ്പെടുത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വധക്കേസിലെ പ്രതി അവിടെയുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് പൊലീസുകാർ പണയിൽക്കടവിലേക്ക് എത്തിയത്.