Connect with us

Crime

അതിഥി തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ച പശ്ചാത്തലത്തില്‍ ഡിവൈഎസ്പിമാർ തൊഴിലാളി ക്യാംപുകള്‍ സ്ഥിരമായി സന്ദര്‍ശിക്കണമെന്ന് എഡിജിപി

Published

on

തിരുവനന്തപുരം: കിഴക്കമ്പലത്ത് അതിഥി തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ച പശ്ചാത്തലത്തില്‍ ഡിവൈഎസ്പിമാരും എസ്എച്ച്ഒമാരും തൊഴിലാളി ക്യാംപുകള്‍ സ്ഥിരമായി സന്ദര്‍ശിക്കണമെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെ. ഏതൊക്കെ ക്യാംപ് സന്ദര്‍ശിച്ചു, എത്ര തൊഴിലാളികളുമായി സംസാരിച്ചു തുടങ്ങിയ വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട് മേലുദ്യോഗസ്ഥര്‍ക്കു നല്‍കണമെന്നും എഡിജിപിയുടെ ഉത്തരവില്‍ പറയുന്നു. അതിനിടെ ഡിജിപി അനില്‍ കാന്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. അതിഥി തൊഴിലാളി ക്യാമ്പുകളില്‍ പൊലീസ് ഇടപെടലുകള്‍ സജീവമാക്കുന്നത് ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചത്.

കഴിഞ്ഞദിവസം ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ച് അതിഥി തൊഴിലാളികള്‍ പരസ്പരം ഏറ്റുമുട്ടുന്നതായുള്ള വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസുകാര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. നിരവധി പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും പൊലീസ് ജീപ്പ് കത്തിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് അക്രമ സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ അതിഥി തൊഴിലാളികളുമായുള്ള ബന്ധം പൊലീസ് മെച്ചപ്പെടുത്തണമെന്ന് വിജയ് സാഖറെയുടെ ഉത്തരവില്‍ പറയുന്നത്.

തൊഴിലാളികളുമായി ആശയവിനിമയം നടത്തുന്നതിനു ഹിന്ദിയും ബംഗാളിയും സംസാരിക്കാനറിയാവുന്ന ഉദ്യോഗസ്ഥരെ സ്റ്റേഷനുകളില്‍ നിയമിക്കണം. ഈ ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പര്‍ തൊഴിലാളികള്‍ക്കു നല്‍കണമെന്നും എഡിജിപി ഉത്തരവില്‍ പറയുന്നു.സ്ഥാപനങ്ങളിലെ അധികാരികളുമായും കോണ്‍ട്രാക്ടര്‍മാരുമായും ബന്ധപ്പെട്ട് തൊഴിലാളികളുടെ വിവരം ശേഖരിക്കാന്‍ എസ്പിമാര്‍ എസ്എച്ച്ഒമാര്‍ക്ക് നിര്‍ദേശം നല്‍കണം. ഇതരസംസ്ഥാന തൊഴിലാളികളുടെ സേവനം കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് ആവശ്യമാണെന്ന് അവരെ ബോധ്യപ്പെടുത്തണം. പൊലീസിന്റെ ഹെല്‍പ് ലൈന്‍ നമ്പരുകള്‍ തൊഴിലാളികള്‍ക്കു നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

Continue Reading