Connect with us

KERALA

സില്‍വര്‍ലൈന്‍ കണ്ണൂര്‍ ജില്ലയില്‍ സ്ഥലം ഏറ്റെടുക്കുന്നതിനു സാമൂഹികാഘാത പഠനം നടത്താന്‍ വിജ്ഞാപനം ഇറക്കി

Published

on

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിക്ക് കണ്ണൂര്‍ ജില്ലയില്‍ സ്ഥലം ഏറ്റെടുക്കുന്നതിനു മുന്നോടിയായി സാമൂഹികാഘാത പഠനം നടത്താന്‍ സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. 100 ദിവസത്തിനകം പഠനം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. കല്ലിടല്‍ പൂര്‍ത്തിയായ സ്ഥലങ്ങളിലാണ് പഠനം നടത്തുക.
106.2005 ഹെക്ടര്‍ ഭൂമിയാണ് പദ്ധതിക്കായി ജില്ലയില്‍ കണ്ടെത്തിയിരിക്കുന്നത്. കണ്ണൂര്‍, പയ്യന്നൂര്‍, തലശേരി താലൂക്കുകളിലും 19 വില്ലേജുകളിലുമാണ് ഭൂമി ഏറ്റെടുക്കുന്നത്. 9 വില്ലേജുകളില്‍ കല്ലിടല്‍ പൂര്‍ത്തിയായി. ആകെ 61.7 കിലോ മീറ്റര്‍ ദൂരത്തിലാണ് ജില്ലയിലെ പാത. കല്ലിടല്‍ പൂര്‍ത്തിയായത് 26.8 കിലോമീറ്ററില്‍.
പദ്ധതി ബാധിക്കുന്ന കുടുംബങ്ങളുടെ എണ്ണം, മാറ്റിപ്പാര്‍പ്പിക്കേണ്ട കുടുംബങ്ങളുടെ എണ്ണം, ഭൂമിയുടെ അളവ്, സര്‍ക്കാര്‍ ഭൂമി എത്ര, സ്വകാര്യ ഭൂമി എത്ര, വീടുകള്‍, കോളനികള്‍, മറ്റു പൊതു ഇടങ്ങള്‍ എത്ര തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കും. ഏറ്റെടുക്കുന്ന ഭൂമി കൃത്യമായും നിര്‍ദിഷ്ട പദ്ധതിക്ക് ആവശ്യമായതാണോ, പദ്ധതി എത്രത്തോളം സാമൂഹികാഘാതം ഉണ്ടാക്കും, അത് പരിഹരിക്കാനുള്ള ചെലവ് എത്ര തുടങ്ങിയ കാര്യങ്ങളും പഠനത്തിന്റെ ഭാഗമാണ്.

Continue Reading