Crime
നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് സർക്കാർ

ന്യൂഡൽഹി: നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു.ദിലീപിന് എതിരായ സംവിധായകൻ ബാലചന്ദ്ര കുമാറിന്‍റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ തുടർ അന്വേഷണം ആവശ്യമാണെന്നാണ് സർക്കാർ ഹർജിയിൽ വ്യക്തമാക്കിയിരിക്കുന്നത്.
സംവിധായകന്‍ ബാലചന്ദ്ര കുമാറിന്‍റെ രഹസ്യ മൊഴി എടുക്കണം എന്നാവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയെ സമീപിച്ചിരുന്നു.എറണാകുളം സിജെഎം കോടതിയില്‍ ആണ് അപേക്ഷ നല്‍കിയത്. അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കും. തുടര്‍ അന്വേഷണത്തിന് പുതിയ സംഘത്തെ നിയോഗിക്കും. നിലവിലെ അന്വേഷണ സംഘം വിചാരണ നടപടികളെ സഹായിക്കും. ഈ സംഘത്തില്‍ ഉള്ളവരും തുടര്‍ അന്വേഷണത്തിന്‍റെ ഭാഗമാകുമെന്നും അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്.
കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ മൊബൈല്‍ ഫോണ്‍ പ്രത്യേക അന്വേഷണസംഘം കോടതിയില്‍ ഹാജരാക്കിയിരുന്നു. കേസിലെ പ്രതിയായ ദിലീപ് അടക്കമുള്ളവര്‍ നടിയെ ആക്രമിച്ച വിവരങ്ങള്‍ സംസാരിച്ചുവെന്നും താനിത് റിക്കോര്‍ഡ് ചെയ്തുവെന്നുമാണ് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്. ഈ റെക്കോഡുകള്‍ അടങ്ങിയ ഫോണാണ് കോടതിയില്‍ ഹാജരാക്കിയത്. ഇത് ഫോറന്‍സിക്കിന്റെ പരിശോധനക്ക് അയക്കും. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ തുടര്‍ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരിക്കുന്നത്.