Crime
സസ്‌പെന്‍ഷനിലായ ഐജി ലക്ഷ്മണയെ തിരിച്ചെടുക്കാന്‍ നീക്കം

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിനെ സഹായിച്ചെന്ന ആരോപണത്തില്‍ സസ്‌പെന്‍ഷനിലായ ഐജി ലക്ഷ്മണയെ തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍. ലക്ഷ്മണയുടെ സസ്‌പെന്‍ഷന്‍ പുനപ്പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിതല സമിതിയെ സര്‍ക്കാര്‍ ചുമലതപ്പെടുത്തി.
മോന്‍സണ്‍ മാവുങ്കലിന് എതിരായ അന്വേഷണത്തില്‍ ഐജി ലക്ഷ്മണയെ ക്രൈം ബ്രാഞ്ച് പ്രതി ചേര്‍ത്തിട്ടില്ല. ലക്ഷ്മണയെ പ്രതി ചേര്‍ക്കാന്‍ വേണ്ട തെളിവില്ലെന്നാണ് ക്രൈം ബ്രാഞ്ച് നിലപാട്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് സര്‍ക്കാരിന് നല്‍കി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍ പുനപ്പരിശോധിക്കുന്നത്. 2021 നവംബര്‍ 10നാണ് ഐജിയെ സസ്‌പെന്‍ഡ് ചെയ്തത്.
മോന്‍സന്റെ പുരാവസ്തു തട്ടിപ്പില്‍ ഐജി ഇടനിലക്കാരന്‍ ആയെന്നാണ് പരാതിക്കാര്‍ നല്‍കിയ മൊഴി. പുരാവസ്തു ഇടപാടിന് ആന്ധ്രാ സ്വദേശിനിയെ മോന്‍സണ് പരിചയപ്പെടുത്തിക്കൊടുത്തത് ഐജിലക്ഷ്മണന്‍ ആണ്. മോന്‍സന്റെ കൈവശം ഉള്ള അപൂര്‍വ്വ മത്സ്യങ്ങളുടെ സ്റ്റഫ്, മുതലയുടെ തലയോട് അടക്കം ഇടനിലക്കാരി വഴി വില്‍പ്പന നടത്താന്‍ പദ്ധതി ഇട്ടെന്നും വെളിപ്പെടുത്തലുണ്ടായിരുന്നു.
ഐജി ലക്ഷ്മണയുടെ നേതൃത്വത്തില്‍ തിരുവനതപുരം പൊലീസ് ക്ലബ്ബില്‍ ഇടനിലക്കാരിയും മോന്‍സനും കൂടിക്കാഴ്ച്ച നടത്തിയെന്നും വ്യക്തമായിരുന്നു. ഓഗസ്റ്റ് അഞ്ചിനായിരുന്നു കൂടിക്കാഴ്ച. പൊലീസ് ക്ലബ്ബില്‍ ഐജി ആവശ്യപ്പെട്ടത് പ്രകാരം മോന്‍സന്റെ വീട്ടില്‍ നിന്ന് പുരാവസ്തുക്കള്‍ എത്തിച്ചു. ഐജി പറഞ്ഞയച്ച പൊലീസ് ഉദ്യോഗസ്ഥന്‍ ആണ് ഇത് കൊണ്ട് പോയതെന്നും വ്യക്തമായിരുന്നു.