Crime
കാമുകനോടുള്ള പ്രതികാരത്തിനായാണ് കുഞ്ഞിനെ കവർന്നതെന്ന് യുവതി

കോട്ടയം : നഴ്സിന്റെ വേഷത്തിലെത്തി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി പ്രസവ വാർഡിൽ നിന്ന് ചോര കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ യുവതിയെ ചോദ്യം ചെയ്തപ്പോൾ കൂടുതൽ വിവരങ്ങൾ പുറത്ത്. വൻ തുക കടം വാങ്ങി വഞ്ചിച്ച കാമുകനോടുള്ള പ്രതികാരത്തിനായാണ് നീതു കുഞ്ഞിനെ കവർന്നത്.
പ്രവാസിയുടെ ഭാര്യയായ ഇവർ കൊച്ചിയിൽ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിൽ പ്ലാനറാണ്. ഇവിടെ വച്ചാണ് ഇബ്രാഹിം ബാദുഷയുമായി പരിചയത്തിലായത്. മുപ്പത് ലക്ഷത്തോളം രൂപ നീതുവിൽ നിന്നും യുവാവ് കൈക്കലാക്കിയിരുന്നു. എന്നാൽ അടുത്തിടെ ഇയാൾ മറ്റൊരു വിവാഹം കഴിക്കാൻ പോകുന്നു എന്ന വിവരം അറിഞ്ഞാണ് പ്രതികാരം ചെയ്യാൻ തുനിഞ്ഞത്. ഇതിനായി കുഞ്ഞിനെ കവർന്ന ശേഷം ബാദുഷയുടെ കുഞ്ഞാണെന്ന് പറഞ്ഞ് ബ്ളാക്ക് മെയിൽ ചെയ്യുകയായിരുന്നു ലക്ഷ്യം. ഈ വിവാഹം മുടക്കാനുള്ള നീതുവിന്റെ പദ്ധതിയാണ് പൊലീസ് പൊളിച്ചത്. തിരുവല്ല കുറ്റൂർ സ്വദേശി സുധീഷിന്റെ ഭാര്യയാണ് നീതു, ഭർത്താവ് വിദേശത്ത് ഓയിൽ റിഗിലെ ജോലിക്കാരനാണ്. ഇവർക്ക് എട്ടുവയസുള്ള ആൺകുട്ടിയുണ്ട്.