Crime
നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ സാക്ഷികളെ വീണ്ടും വിസ്തരിക്കണമെങ്കില്‍ മതിയായ കാരണം വേണമെന്ന് ഹൈക്കോടതി

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗിക ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ സാക്ഷികളെ വീണ്ടും വിസ്തരിക്കണമെങ്കില്‍ മതിയായ കാരണം വേണമെന്ന് ഹൈക്കോടതി. പ്രോസിക്യൂഷന്റെ പാളിച്ചകള്‍ മറികടക്കാനാവരുത് സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതെന്ന ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേസില്‍ പ്രതികളുടെ അവകാശവും സംരക്ഷിക്കപ്പെടണമെന്ന് കോടതി പറഞ്ഞു.
സാക്ഷികളെ വിസ്തരിച്ച് മാസങ്ങള്‍ കഴിഞ്ഞാണ് വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യം ഉന്നയിക്കുന്നതെന്ന് കോടതി പറഞ്ഞു. പ്രോസിക്യൂഷന് അനുകൂലമായി സാക്ഷിമൊഴി ഉണ്ടാക്കാനാണ് ഇതെന്നു സംശയിക്കാമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന ആവശ്യം വിചാരണക്കോടതി നിരസിച്ചതിനെതിരായ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതി പരാമര്‍ശം.
ചില സാക്ഷികളെ വീണ്ടും വിസ്തരിക്കാനുള്ള പ്രോസിക്യൂഷന്‍ ആവശ്യം വിചാരണ കോടതി അംഗീകരിക്കുന്നില്ലെന്നാണ് ഹര്‍ജിയില്‍ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. കേസിലെ പ്രധാന വാദങ്ങള്‍ കോടതി രേഖപ്പെടുത്തുന്നില്ലെന്നും സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.വിചാരണ കോടതി നടപടികളില്‍ പ്രതിഷേധിച്ച് പ്രോസിക്യൂട്ടര്‍ രാജി വെച്ചിരുന്നു.
സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണത്തിനായി ഡിവൈഎസ്പി ബൈജു പൗലോസ് തലവനായുള്ള സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.