Crime
ദിലീപിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ക്രൈംബ്രാഞ്ച് നടത്തുന്ന റെയ്ഡ് നാലാം മണിക്കൂർ പിന്നിട്ടു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ക്രൈംബ്രാഞ്ച് നടത്തുന്ന റെയ്ഡ് നാലാം മണിക്കൂർ പിന്നിട്ടു. രാവിലെ 11:30-ഓടെ ആലുവ പാലസിന് സമീപമുള്ള ദിലീപിന്റെ പത്മസരോവരം എന്ന വീട്ടിലെത്തിയ അന്വേഷണസംഘം ഇപ്പോഴും റെയ്ഡ് തുടരുകയാണ്. ദിലീപിന്റെ നിർമാണക്കമ്പനിയിലും സഹോദരൻ അനൂപിന്റെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്.
റെയ്ഡ് നടക്കുന്നതിനിടെ ദിലീപും ആലുവയിലെ വീട്ടിലെത്തി. 2.30-ഓടെ സ്വയം വാഹനമോടിച്ചാണ് ദിലീപ് വീട്ടിലേക്ക് വന്നത്.അതിനിടെ, ഗ്രാൻഡ് പ്രൊഡക്ഷൻസിലെ പരിശോധന അല്പം വൈകിയാണ് ആരംഭിച്ചത്. പോലീസ് സംഘം ആദ്യമെത്തിയപ്പോൾ ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ഓഫീസ് അടച്ചിട്ട നിലയിലായിരുന്നു. പിന്നീട് ജീവനക്കാരെ വിളിച്ചുവരുത്തി ഓഫീസ് തുറപ്പിച്ചശേഷമാണ് പരിശോധന ആരംഭിച്ചത്.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും ബന്ധുക്കളും ഗൂഢാലോചന നടത്തിയെന്നത് ഉൾപ്പെടെയുള്ള വെളിപ്പെടുത്തലുകളാണ് സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയിരിക്കുന്നത്. ദിലീപിന്റെ വീട്ടിലാണ് ഗൂഢാലോചന പ്രധാനമായും നടന്നതെന്നാണ് ഇദ്ദേഹത്തിന്റെ മൊഴി. കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായാണ് സഹോദരന്റെ വീട്ടിൽ ഉൾപ്പെടെ ഒരേസമയം റെയ്ഡ് നടത്തുന്നത്