Connect with us

Education

967 സ്കൂളുകളില്‍ വാക്സിനേഷന് സൗകര്യം ഏര്‍പ്പെടുത്തും

Published

on

തിരുവനന്തപുരം: സ്കൂളുകളില്‍ കൊവിഡ് വാക്സിനേഷന് ക്രമീകരണം നടത്താൻ നിർദേശം നല്‍കിയതായി മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. 967 സ്കൂളുകളില്‍ വാക്സിനേഷന് സൗകര്യം ഏര്‍പ്പെടുത്തുമെന്നും ഇതിനായി പ്രത്യേക മുറികൾ ഉൾപ്പടെ സജ്ജീകരിക്കുമെന്നും സ്കൂൾ മാർഗരേഖ സംബന്ധിച്ച് ഉന്നതതല യോഗത്തിനുശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

‘967 സ്കൂളുകളില്‍ വാക്സിനേഷന് സൗകര്യം ഏര്‍പ്പെടുത്തും. ഈ സ്കൂളുകളില്‍ നാളെ രാവിലെ പി.ടി.എ യോഗം ചേരും.500 കുട്ടികളില്‍ കൂടുതലുള്ള സ്കൂളുകളിലാണ് വാക്സിനേഷന്‍ കേന്ദ്രം ഒരുക്കുക. മറ്റ് സ്കൂളുകളിലുള്ളവര്‍ക്ക് തൊട്ടടുത്ത വാക്സിനേഷന്‍ കേന്ദ്രമുള്ള സ്കൂളിലെത്തി വാക്സിന്‍ സ്വീകരിക്കാം. ഭിന്ന ശേഷിക്കാർക്ക് വാക്സിൻ വേണ്ടെങ്കിൽ ഡോക്ടർമാരുടെ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി. അല്ലാത്ത കുട്ടികൾക്ക് രക്ഷിതാക്കളുടെ സമ്മതം വേണം.51 ശതമാനം കുട്ടികൾ ഇതിനകം വാക്സിനെടുത്തു കഴിഞ്ഞു – മന്ത്രി പറഞ്ഞു.

ഒന്നു മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഈ മാസം 21 മുതല്‍ ഓണ്‍ലൈന്‍ ക്ലാസ് ആയിരിക്കും. വിക്ടേഴ്സ് ചാനല്‍ വഴി പുതുക്കിയ ടൈംടേബിള്‍ പ്രഖ്യാപിക്കും. അതേസമയം അദ്ധ്യാപകര്‍ സ്കൂളുകളില്‍ എത്തുകയും ഓണ്‍ലൈന്‍ ക്ലാസുകൾക്ക് ആവശ്യമായ നേതൃത്വം വഹിക്കുകയും വേണം. 10, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിലെ കുട്ടികള്‍ക്ക് സ്കൂളുകളില്‍ ക്ലാസുകള്‍ തുടരും. 22, 23 തീയതികളിൽ 10, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിൽ ശുചീകരണ യജ്ഞം നടത്തും.

Continue Reading