Crime
അർദ്ധരാത്രി തന്നെ പരാതി നൽകിയിട്ടും മകനെ രക്ഷിക്കാൻ പൊലീസിനായില്ലെന്ന് കൊല്ലപ്പെട്ട ഷാൻ ബാബുവിന്റെ അമ്മ

കോട്ടയം: അർദ്ധരാത്രി തന്നെ പരാതി നൽകിയിട്ടും തന്റെ മകനെ രക്ഷിക്കാൻ പൊലീസിനായില്ലെന്ന് കോട്ടയത്ത് കൊല്ലപ്പെട്ട ഷാൻ ബാബുവിന്റെ അമ്മ ത്രേസ്യാമ്മ. തന്റെ മകനെ കൊണ്ടുപോയത് ജോമോനാണെന്ന് പറഞ്ഞ് തന്നെയാണ് പരാതി നൽകിയിരുന്നതെന്നും ഷാനിന്റെ അമ്മ പറഞ്ഞു.എന്റെ മകൻ ഒരു ദ്രോഹവും ആർക്കും ചെയ്തിട്ടില്ല. കാല് മുറിഞ്ഞിരുന്നത് കൊണ്ടാണ് ജോമോൻ വന്നപ്പോൾ ഓടി രക്ഷപ്പെടാൻ പറ്റാതിരുന്നത്. അർദ്ധരാത്രി തന്നെ പോയി പരാതിപ്പെട്ടിട്ട് പൊലീസുകാർ എന്ത് ചെയ്തു. രാവിലെ ഷാനെ തിരികെ കൊണ്ടുവരുമെന്നായിരുന്നു പൊലീസിന്റെ മറുപടിയെന്നും അമ്മ പറഞ്ഞു. ഈ ഗവൺമെന്റ് എന്തിനാണ് ഇവനെപ്പോലുള്ളവരെ തുറന്ന് വിട്ടിരിക്കുന്നത്? അവൻ എന്റെ കുഞ്ഞിനെ കൊന്ന് പൊലീസ് സ്റ്റേഷന്റെ മുന്നിൽ കൊണ്ടിട്ടു. എന്റെ പൊന്നുമോനെ തിരിച്ചുതരുവോ? എന്നാണ് ത്രേസ്യാമ്മ ചോദിക്കുന്നത്.
ഇതിനിടെ സംഭവത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത് വന്നു. കോട്ടയത്തെ അരും കൊല സംസ്ഥാനത്തിന് അപമാനമാണ്. ഗുണ്ടകളെ നിലയ്ക്ക് നിർത്താൻ ആഭ്യന്തര വകുപ്പിനാകുന്നില്ല. ഗുണ്ട സംഘങ്ങളെ നിയന്ത്രിക്കുന്നത് സിപിഎമ്മാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. പൊലീസ് ഉന്നതർ പറയുന്നത് ആരും അനുസരിക്കുന്നില്ല. ഷാൻ ബാബുവിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിയ്ക്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.