Crime
അബുദാബിയിൽ രണ്ട് സ്ഥലങ്ങളിൽ സ്ഫോടനം മൂന്ന് പെട്രോൾ ടാങ്കറുകൾ പൊട്ടിത്തെറിച്ചു

അബുദാബി: അബുദാബിയിൽ രണ്ട് സ്ഥലങ്ങളിൽ സ്ഫോടനം. അബുദാബിയിലെ അൽ മുസഫയിൽ മൂന്ന് പെട്രോൾ ടാങ്കറുകൾ സ്ഫോടനത്തിൽ പൊട്ടിത്തെറിച്ചു. അബുദാബി വിമാനത്താവളത്തിന് നേരെയും ആക്രമണമുണ്ടായി. ഇന്ധന ടാങ്കറുകൾ പൊട്ടിത്തെറിക്കാനിടയായതും വിമാനത്താവളത്തിലും തീപിടിത്തത്തിനും കാരണം ഡ്രോൺ ആക്രമണമാണെന്ന് സംശയിക്കുന്നതായി അബുദാബി പോലീസ് അറിയിച്ചു. ആളപായമോ മറ്റു നാശനഷ്ടങ്ങളോ ഔദ്യോഗികമായി ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഇതിനിടെ ആക്രമണത്തിന്റെ ഉത്തരവാദിത്തം യെമൻ ഹൂതി വിമതർ ഏറ്റെടുത്തതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. എണ്ണ കമ്പനിയായ അഡ്നോകിന്റെ സംഭരണശാലയ്ക്ക് സമീപത്ത് നിന്നും പെട്രോളിയം ഉത്പന്നങ്ങളുമായി പോകുകയായിരുന്ന എണ്ണ ടാങ്കറുകളാണ് സ്ഫോടനത്തിൽ പൊട്ടിത്തെറിച്ചത്.
അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ നിർമാണ മേഖലയിലും തീപിടിത്തമുണ്ടായി. ഇതും ഡ്രോൺ ആക്രമണമാണെന്നാണ് പോലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.