Crime
മൊഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തിലെ കുറ്റപത്രം അംഗീകരിക്കാന്‍ കഴിയില്ലെന്ന് പിതാവ്

ആലുവ: മൊഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തിനെതിരെ പരാതിയുമായി പിതാവ്. സിഐ സുധീറിനെ പൊലീസ് ബോധപൂര്‍വം ഒഴിവാക്കിയെന്നും, കുറ്റപത്രം അംഗീകരിക്കാന്‍ കഴിയില്ലെന്നും പിതാവ് ദില്‍ഷാദ് വ്യക്തമാക്കി.
മൊഫിയയുടെ ആത്മഹത്യയ്ക്ക് കരണക്കാരിൽ ഒരാളാണ് സി.ഐ. മോളുടെ മരണക്കുറിപ്പില്‍ ഈ സിഐയുടെ പേരാണ് ആദ്യം എഴുതിയിരിക്കുന്നത്. സി.ഐയെ പ്രതിപട്ടികയിൽ ചേർക്കേണ്ടതാണ്. ചേര്‍ത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ദില്‍ഷാദ് വ്യക്തമാക്കി.
ചൊവ്വാഴ്ചയാണ് മൊഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ക്രൈംബ്രാഞ്ച് ആലുവ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. മോഫിയയുടെ ഭര്‍ത്താവ് സുഹൈലാണ് കേസിലെ ഒന്നാം പ്രതി. ഇയാളുടെ മാതാവ് റുഖിയ രണ്ടാം പ്രതിയും പിതാവ് യൂസഫ് മൂന്നാം പ്രതിയുമാണ്. ഭര്‍ത്താവിന്റെ വീട്ടില്‍ ക്രൂരമായ പീഡനമാണ് മോഫിയ അനുഭവിച്ചിരുന്നതെന്നാണ് പൊലീസിന്റെ കുറ്റപത്രത്തില്‍ പറയുന്നത്.
റൂറല്‍ ജില്ല ക്രൈംബ്രാഞ്ച് സംഘമാണ് അന്വേഷണം നടത്തിയത്. സ്ത്രീധന പീഡനം, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്