HEALTH
കേരളം ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങളിലെ കൊവിഡ് നില ആശങ്കാജനകം

ന്യൂഡൽഹി: കേരളം ഉള്‍പ്പെടെ 6 സംസ്ഥാനങ്ങളിലെ കൊവിഡ് നില ആശങ്കാജനകമാണെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കേരളം, മഹാരാഷ്ട്ര, കര്‍ണാടക, യുപി, തമിഴ്നാട്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യമാണ് ആശങ്കയുണര്‍ത്തുന്നത്.
ടിപിആര്‍ ഏറ്റവും കൂടുതല്‍ കേരളത്തിലാണ്, 40 ശതമാനത്തിന് മുകളില്‍. രാജ്യത്തെ 8.79% കേസുകളും കേരളത്തിലാണ്. മഹാരാഷ്ട്രയും കര്‍ണാടകയും കേസുകളില്‍ മുന്‍നിരയിലുണ്ട്. തിരഞ്ഞെടുപ്പു നടക്കുന്ന യുപിയിലും സ്ഥിതി ഭദ്രമല്ല. 37.29 ലക്ഷം പേരാണ് രാജ്യത്ത് നിലവില്‍ പോസിറ്റീവായുള്ളത്. 515 ജില്ലകളില്‍ ടിപിആര്‍ 5 ശതമാനത്തിലേറെയാണ്.
അതേസമയം, രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. മൂന്നരലക്ഷം പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ഇത് 3.17 ലക്ഷം ആയിരുന്നു. കഴിഞ്ഞ എട്ട് മാസത്തിനിടയിലെ ഏറ്റവും കൂടിയ പ്രതിദിന കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകളുള്ള രണ്ടാമത്തെ രാജ്യമായി ഇന്ത്യ. അമേരിക്കയാണ് മുന്നിൽ.