Crime
ദിലീപ് ഫോൺ അന്വേഷണ സംഘത്തിന് കൈമാറണമെന്ന് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് ഫോൺ അന്വേഷണ സംഘത്തിന് കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഫോൺ എന്തുകൊണ്ട് കൈമാറിയില്ലെന്നും ഫോൺ കൈമാറാത്തത് ശരിയായ നടപടി അല്ലെന്നും ജസ്റ്റിസ് പി. ഗോപിനാഥ് പറഞ്ഞു.
ദിലീപ് ഫോൺ കൈമാറാത്തതിൽ കടുത്ത അതൃപ്തിയാണ് കോടതി രേഖപ്പെടുത്തിയത്. അന്വേഷണവുമായി സഹകരിച്ചില്ലെങ്കിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളുമെന്ന മുന്നറിയിപ്പ് കൂടി ഹൈക്കോടതി നൽകി. ഫോണുകൾ ഹൈക്കാടതി രജിസ്ത്രാർ ജനറലിന് നൽകിക്കൂടേയെന്നും കോടതി ആരാഞ്ഞു.. ഇന്നുതന്നെ ഫോൺ കൈമാറണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
എന്നാൽ ഫോൺ കൈമാറാത്തതിന്റെ കാരണങ്ങൾ ദിലീപിന്റെ അഭിഭാഷകൻ വിശദീകരിച്ചു. ഗൂഡാലോചന നടന്നുവെന്ന് പറയുന്ന കാലത്തെ ഫോണുകൾ അല്ല അന്വേഷണസംഘം ചോദിച്ചിരിക്കുന്നത് . താൻ മാധ്യമ വിചാരണ നേരിടുകയാണെന്നും തന്റെ ഭാര്യയുമായുള്ള സംഭാഷണം ഫോണിലുണ്ടെന്നും ദിലീപ് കോടതിയിൽ അറിയിച്ചു.