Crime
കെടി ജലീലിനെതിരേ ലോകായുക്തയിൽ കോടതിയലക്ഷ്യ ഹർജി

തിരുവനന്തപുരം: മുൻ മന്ത്രി കെടി ജലീലിനെതിരേ ലോകായുക്തയിൽ കോടതിയലക്ഷ്യ ഹർജി നൽകി ലോയേഴ്സ് കോൺഗ്രസ് . ലോകായുക്ത ജസ്റ്റിസിനെ വ്യക്തിപരമായി വിമർശിച്ചുകൊണ്ടുള്ള ഫെയ്സ്ബുക്ക് പോസ്റ്റുകളുടെ അടിസ്ഥാനത്തിലാണ് ഹർജി. ലോയേഴ്സ് കോൺഗ്രസ് ഭാരവാഹി അഡ്വ. രാജീവ് ചാരാച്ചിറയാണ് ഹർജി സമർപ്പിച്ചത്.
കെടി ജലീലിനെതിരേ സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്.
ലോകായുക്തയെ മനപൂർവം ഇകഴ്ത്തി കാണിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് കെടി ജലീലിന്റെ പോസ്റ്റ്. കെടി ജലീൽ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾക്ക് നിയമപരമായ തെളിവുകളില്ല. ജലീലിനെതിരേ കോടതിയലക്ഷ്യം ചുമത്തണമെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. നിയമനടപടി സ്വീകരിക്കണമെന്നാണ് സംസ്ഥാന പോലീസ് മേധാവിക്കും കാസർഗോഡ് ജില്ലാ പോലീസ് മേധാവിക്കും നൽകിയ പരാതിയിൽ പറയുന്നത്.
ഇന്നലെയാണ് ലോകായുക്ത ക്കെതിരെ കെടി ജലീൽ ഫെയ്സ്ബുക്കിലൂടെ രംഗത്തെത്തിയത്. തക്കപ്രതിഫലം കിട്ടിയാൽ ലോകായുക്ത ആർക്ക് വേണ്ടിയും എന്തും ചെയ്യും. പിണറായി വിജയനെ പിന്നിൽ നിന്ന് കുത്താൻ യുഡിഎഫ് കണ്ടെത്തിയ കത്തിയാണ് ലോകായുക്ത എന്നും കെടി ജലീൽ ആരോപിച്ചിരുന്നു ജസ്റ്റിസ് സിറിയക് ജോസഫിന്റെ പേരെടുത്ത് പറയാതെയായിരുന്നു ജലീലിന്റെ ആരോപണം.