Connect with us

KERALA

ഹൈക്കോടതിക്ക് ഇല്ലാത്ത അധികാരം എങ്ങനെയാണ് ലോകായുക്തക്ക് നല്‍കുക എന്ന ചോദ്യം ഉയര്‍ത്തി സർക്കാർ

Published

on


തിരുവനന്തപുരം: ലോകായുക്ത നിയമ ഭേദഗതി ഓര്‍ഡിനന്‍സില്‍ സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നല്‍കിയ വിശദീകരണത്തിന്റെ രേഖകൾ പുറത്ത്. ഹൈക്കോടതിക്ക് ഇല്ലാത്ത അധികാരം എങ്ങനെയാണ് ലോകായുക്തക്ക് നല്‍കുക എന്ന ചോദ്യം ഉയര്‍ത്തികൊണ്ടും കോടതി ഉത്തരവുകള്‍ വിശദീകരിച്ചുകൊണ്ടുമാണ് സര്‍ക്കാര്‍ മറുപടി നല്‍കിയിരിക്കുന്നത്. സര്‍ക്കാരിന്റെ വിശദീകരണം ലഭിച്ചതോടെ ഗവര്‍ണര്‍ എടുക്കുന്ന തുടര്‍ നടപടികള്‍ നിര്‍ണായകമാകും.
ഗവര്‍ണര്‍ നിയമിച്ച മന്ത്രിസഭയുടെ കാലാവധി അവസാനിപ്പിക്കാന്‍ ലോകായുക്തക്ക് കഴിയില്ല. 1986ലെ ബാലകൃഷ്ണപിള്ള-കെസി ചാണ്ടി കേസിലെ ഹൈക്കോടതി വിധി നിലവിലുണ്ടെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
ലോകായുക്ത നിയമ ഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പുവെക്കരുതെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഗവര്‍ണര്‍ക്ക് നല്‍കിയ നിവേദനം സംബന്ധിച്ചാണ് സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നത്.
ഒരു പൊതുപ്രവര്‍ത്തകന്റെ സ്ഥാനം റിട്ട് ഓഫ് ക്വോ വാറന്റോ പുറപ്പെടുവിച്ച് ഒഴിയാന്‍ ആവശ്യപ്പെടുന്നതിന് ഹൈക്കോടതിക്ക് ഭരണഘടനാപരമായ അധികാരമുണ്ടെന്ന് പ്രതിപക്ഷ നേതാവ് നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് ഖണ്ഡിക്കുന്നതിനാണ് 1986ലെ ഹൈക്കോടതി ഫുള്‍ ബെഞ്ചിന്റെ വിധി സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നത്.
ഗവര്‍ണര്‍ നിയമിച്ച ഒരു മന്ത്രിക്കെതിരെ റിട്ട് ഓഫ് ക്വോ വാറന്റോ നിലനില്‍ക്കുന്നതല്ലെന്ന് ഹൈക്കോടതി അന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഹൈക്കോടതിതക്ക് ഇല്ലാത്ത എന്ത് അധികാരമാണ് ലോകയുക്തക്ക് നല്‍കേണ്ടതെന്നും സര്‍ക്കാര്‍ ചോദിക്കുന്നു.
ലോകയുക്ത നിയമം നിലവില്‍ വന്നിട്ട് ഇത്രകാലമായിട്ടും എന്തുകൊണ്ടാണ് ഇത് ഭരണഘടനാ വിരുദ്ധമെന്ന് സര്‍ക്കാരിന് തോന്നാതിരുന്നതെന്നും ഇപ്പോള്‍ അതില്‍ മാറ്റം വരുത്തുന്നത് രാഷ്ട്രീയ ലക്ഷ്യത്തിനല്ലെയെന്നും പ്രതിപക്ഷ നേതാവ് നിവേദനത്തില്‍ ചോദിച്ചിരുന്നു.
ലോകായുക്ത നിയമത്തിലെ 14ാം വകുപ്പിന്റെ നിയമപരമായ സാധുത ഇതുവരെ ജൂഡീഷ്യല്‍ അവലോകനത്തിന് വിധേയമായിട്ടില്ലെന്നാണ് സര്‍ക്കാര്‍ ഇതിന് മറുപടി നല്‍കിയത്. അതിന് കാലയളവ് ഒരു തടസ്സമല്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
ഇതിനിടെ ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗം നിയമസഭ സമ്മേളന തീയതി തീരുമാനിച്ചില്ല. ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണറുടെ തീരുമാനത്തിന് ശേഷം സഭ സമ്മേളനം തീരുമാനിക്കാനാണ് സര്‍ക്കാര്‍ നീക്കം. അമേരിക്കയില്‍ ചികിത്സയ്ക്കായി പോയ മുഖ്യമന്ത്രി പിണറായി വിജയന്‍ ആറിന് മടങ്ങി എത്തും. അതിന് ശേഷം ഗവര്‍ണറുടെ തീരുമാനവും കൂടി വന്ന് കഴിഞ്ഞ് അടുത്ത തിങ്കളാഴ്ചയോടെ നിയമസഭ സമ്മേളന തീയതി തീരുമാനിക്കാനാണ് സര്‍ക്കാറിന്റെ തീരുമാനം.

Continue Reading