Crime
ദിലീപ് കേസ് നാളെ ഉച്ചക്ക് 1.45ന് വീണ്ടും പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപ് ഉൾപ്പടെയുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ നാളെയും വാദം തുടരും. ഇന്ന് വൈകിട്ട് വരെ പ്രതിഭാഗത്തിന്റെ വാദം മാത്രമാണ് ഇന്ന് നടന്നത്.
കേസ് നിലനിൽക്കില്ലെന്നതടക്കമുള്ള വാദങ്ങളാണ് പ്രതിഭാഗം നിരത്തിയത്. ഇതിനുള്ള പ്രോസിക്യൂഷന്റെ മറുവാദങ്ങളാവും നാളെ നടക്കുക. നാളെ ഉച്ചക്ക് 1.45ന് കേസ് വീണ്ടും പരിഗണിക്കും.തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും തന്നോട് വ്യക്തിവൈരാഗ്യമുള്ള ബാലചന്ദ്രകുമാർ ഒരുക്കിയ തിരക്കഥ അന്വേഷണ ഉദ്യോഗസ്ഥർ സംവിധാനം ചെയ്യുകയായായിരുന്നു എന്നാണ് ദിലീപ് കോടതിയിൽ പറഞ്ഞത്. തന്നെ അഴിക്കുള്ളിലാക്കാൻ പൊലീസിന് രഹസ്യ അജണ്ട ഉണ്ടെന്ന് വ്യക്തമാക്കിയ ദിലീപ് കേസില്‍ കൃത്രിമ തെളിവുകള്‍ ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് തനിക്കെതിരെ ഗൂഢാലോചനക്കേസ് എടുത്തിരിക്കുന്നതെന്നും ആരോപിച്ചു. പള്‍സര്‍ സുനിയെ ബന്ധപ്പെടുത്തി പറയുന്നത് ഉണ്ടാക്കിയ കഥയാണ്. മാപ്പുസാക്ഷിയാക്കാന്‍ പ്രോസിക്യൂഷന് പറ്റിയ ആളെ കിട്ടിയില്ലെന്നും പ്രതിഭാഗം വ്യക്തമാക്കി.ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ ഇല്ലാത്ത പല കാര്യങ്ങളും എഫ്‌ഐആറിലുണ്ടെന്നും ദീലീപ് വാദിച്ചു.ആലുവ സ്റ്റേഷൻ പരിധിയിൽ നടന്നെന്നു പറയുന്ന ഗൂഢാലോചന അന്വേഷിക്കാൻ എന്തിനാണ് ക്രൈംബ്രാഞ്ചെന്നും പ്രതിഭാഗം ചോദിച്ചു. രണ്ടുമണിക്കൂറോളം ശക്തമായ വാദമാണ് പ്രതിഭാഗം നടത്തിയത്.