Crime
ഗുണ്ടാ തലവൻ മെന്റൽ ദീപു കൊല്ലപ്പെട്ടു

തിരുവനന്തപുരം : ഗുണ്ടാ സംഘങ്ങളുടെ ഏറ്റുമുട്ടലിനിടെ പരിക്കേറ്റ ഗുണ്ടാ തലവൻ മെന്റൽ ദീപു മരിച്ചു. ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് പിടികൂടിയിട്ടുണ്ട്.സംഘം ചേർന്നുള്ള മദ്യപാനത്തിനിടെയുണ്ടായ സംഘർഷത്തിൽ കല്ലും കുപ്പിയും കൊണ്ടുള്ള അടിയിൽ മെന്റൽ ദീപുവിന് തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വസ്തുവില്പനയുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കിയത്. ബുധനാഴ്ച രാത്രി 11.30ഓടെ ചന്തവിളയിലെ കടത്തിണ്ണയിലിരുന്നു മദ്യപിക്കുന്നതിനിടെയാണ് ദീപുവിന് തലയ്‌ക്കടിയേറ്റത്. മുറിവിൽ നിന്നുള്ള ചോര റോഡിലാകെ പടർന്നിരുന്നു. അയിരൂപ്പാറ സ്വദേശിയായ കുട്ടനാണ് ദീപുവിനെ ആക്രമിച്ചതെന്നാണ് പ്രാഥമിക വിവരം. അഞ്ചംഗ സംഘമാണ് സംഭവത്തിൽ ഉൾപ്പെട്ടതെന്ന് പോത്തൻകോട് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പരിക്കേറ്റ മെന്റൽ ദീപുവും പൊലീസിന്റെ ഗുണ്ടാ ലിസ്റ്റിലുള്ളയാളാണ്. കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് മെന്റൽ ദീപു