Crime
ദിലീപ് കേസിൽ പ്രൊസിക്യൂഷന് തിരിച്ചടി. ദിലീപിന് മുൻകൂർ ജാമ്യം

കൊച്ചി: ഒടുവിൽ ദിലീപിന് ആശ്വാസം. വധഗൂഢാലോചനക്കേസിൽ നടൻ ദിലീപിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം. കേസിലെ മറ്റ് അഞ്ചു പ്രതികൾക്കും കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ജസ്റ്റിസ് പി. ഗോപിനാഥിന്റെ സിംഗിൾ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.സംവിധായകൻ ബാലചന്ദ്രകുമാറിന്റെ സമയവും തീയതിയും വെച്ചുള്ള വൻ വെളിപ്പെടുത്തലുകളെ തുടർന്നാണ് നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിന് ദിലീപ് അടക്കം ആറ് പേരെ പ്രതിയാക്കി കേസ് എടുത്തത്.
ദിലീപ് ആയിരുന്നു ഒന്നാം പ്രതി. സഹോദരൻ അനൂപ്, സഹോദരീഭർത്താവ് ടി.എൻ. സുരാജ്, ഡ്രൈവർ അപ്പുവെന്ന കൃഷ്ണപ്രസാദ്, സുഹൃത്തായ ബൈജു ചെങ്ങമനാട്, മറ്റൊരു സുഹൃത്തും ഹോട്ടലുടമയുമായ ആലുവ സ്വദേശി ശരത് എന്നിവരുടെ മുൻകൂർ ജാമ്യഹർജികളാണ് കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്. ദിവസങ്ങൾ നീണ്ട വാദപ്രതിവാദങ്ങളായിരുന്നു മുൻകൂർ ജാമ്യാപേക്ഷയിൽ നടന്നത്.