KERALA
പൊലീസിനെതിരെ കടുത്തവിമർശനം ഉന്നയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസിനെതിരെ കടുത്തവിമർശനം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആധുനിക പരിശീലനം ലഭിച്ചെങ്കിലും ചില തികട്ടലുകൾ അപൂർവം ചില പോലീസുകാരിൽ ഉണ്ടെന്ന് ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രി പറഞ്ഞു.
നാടിന്റെ സാംസ്കാരിക ഉന്നമനത്തിന് അനുസരിച്ചുള്ള സേനയാണ് ആവശ്യം. പൊലീസിന്റെ നാക്ക്, കേട്ടാൽ അറപ്പുളവാക്കുന്നതാകരുത്. പൊതുവെ പൊലീസ് സേനയ്ക്ക് അത് നാണക്കേടുണ്ടാക്കുന്നു. കാലം മാറിയെങ്കിലും പൊലീസ് സേനയിൽ വലിയ മാറ്റം ഉണ്ടായിട്ടില്ല. പാസിംഗ് ഔട്ട് പരേഡിലെ മാറ്റം പരിശോധിക്കപ്പെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പൊലീസിന് നല്കുന്ന പരിശീലനം ശരിയായ നിലയിലല്ലെങ്കില്‍ സമൂഹത്തിന് അത് വിനയാകും. പഴയ കാലത്ത് പൊലീസിനെ ഉപയോഗിച്ചിരുന്നത് അടിച്ചമര്‍ത്താന്‍ ആയിരുന്നു. ആ കാലം മാറിയെങ്കിലും പൊലീസ് സേനയില്‍ വലിയ മാറ്റം ഉണ്ടായില്ല.
പൊലീസിന്റെ പുതിയ മുഖം വെളിവാക്കപ്പെട്ട കാലം കൂടിയാണ് ഇത്. ജനങ്ങളെ ആപത് ഘട്ടത്തില്‍ രക്ഷിക്കുന്നവരായി പൊലീസ് മാറി. പ്രളയം, കൊവിഡ് തുടങ്ങിയ ഘട്ടങ്ങളിലെല്ലാം പൊലീസിന്റെ ജനാഭിമുഖ്യമായ മുഖം കണ്ടു. ഇതിന് ഉതകുന്ന മാറ്റങ്ങള്‍ പരിശീലനത്തിലും ഉണ്ടാക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.