Crime
പൗരത്വ നിയമത്തിനെതിരെ സമരം ചെയ്തവരില്‍ നിന്നും കണ്ടുകെട്ടിയ സ്വത്ത് തിരികെ നല്‍കാന്‍ സര്‍ക്കാരിനോടു സുപ്രീം കോടതി

ന്യൂഡല്‍ഹി: പൗരത്വ നിയമത്തിനെതിരെ 2019ല്‍ സമരം ചെയ്തവരില്‍ നിന്നും കണ്ടുകെട്ടിയ കോടിക്കണക്കിനു രൂപയുടെ സ്വത്ത് തിരികെ നല്‍കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോടു സുപ്രീം കോടതി നിര്‍ദേശിച്ചു. സുപ്രീം കോടതി ഉത്തരവനുസരിച്ച് 274 റിക്കവറി നോട്ടിസുകള്‍ പിന്‍വലിച്ചതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
അതേസമയം, സ്വകാര്യ–പൊതു സ്വത്ത് നശിപ്പിക്കുന്നതു തടയാനായി യുപി സര്‍ക്കാര്‍ 2020 ഓഗസ്റ്റില്‍ കൊണ്ടുവന്ന പുതിയ നിയമം അനുസരിച്ചു പ്രക്ഷോഭകര്‍ക്കെതിരെ നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനു കോടതി അനുമതി നല്‍കി.
സ്വത്ത് കണ്ടുകെട്ടാനുള്ള നോട്ടിസുകള്‍ പിന്‍വലിക്കണമെന്നു സുപ്രീം കോടതി യുപി സര്‍ക്കാരിനോടു കഴിഞ്ഞയാഴ്ച കര്‍ശനമായി നിര്‍ദേശിച്ചിരുന്നു. പരാതിക്കാരും തീര്‍പ്പാക്കുന്നവരും സ്വത്തു കണ്ടുകെട്ടുന്നവരും സര്‍ക്കാര്‍ തന്നെ എന്ന സ്ഥിതി അംഗീകരിക്കാനാവില്ലെന്നാണു ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡും സൂര്യകാന്തും അടങ്ങിയ ബെഞ്ച് പറഞ്ഞത്. സ്വത്ത് കണ്ടുകെട്ടാനുള്ള നടപടി ചോദ്യം ചെയ്തു പര്‍വേസ് ആരിഫ് ടിട്ടു ആണ് ഹര്‍ജി നല്‍കിയത്.
നഷ്ടപരിഹാര ട്രൈബ്യൂണലുകള്‍ സംബന്ധിച്ചു 2009 ല്‍ നല്‍കിയ വിധിക്കു വിരുദ്ധമാണു നടപടിയെന്നു കോടതി കണ്ടെത്തിയിരുന്നു. ജുഡീഷ്യല്‍ ഓഫിസര്‍മാരെ ട്രൈബ്യൂണലുകളില്‍ നിയമിക്കണമെന്നായിരുന്നു നിര്‍ദേശം. യുപിയില്‍ നടപടിയെടുത്തത് എക്‌സിക്യൂട്ടീവ് ഓഫിസറായ അഡിഷനല്‍ ജില്ലാ മജിസ്‌ട്രേട്ടാണ്.