Crime
റഷ്യയുടെ അഞ്ച് വിമാനങ്ങളും ഒരു ഹെലികോപ്റ്ററുകളും വെടിവെച്ചിട്ടെന്ന് യുക്രൈൻ

കീവ്:റഷ്യയുടെ അഞ്ച് വിമാനങ്ങളും ഒരു ഹെലികോപ്റ്ററുകളും വെടിവെച്ചിട്ടെന്ന് യുക്രൈൻ. യുക്രൈൻ സൈന്യത്തിൻ്റെ ജനറൽ സ്റ്റാഫ് ആണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. റഷ്യയുടെ രണ്ട് ടാങ്കുകളും നിരവധി ട്രക്കുകളും യുക്രൈൻ സൈന്യം തകർത്തു എന്നും ഫേസ്ബുക്ക് പോസ്റ്റിൽ അറിയിക്കുന്നു. ബോറിസ്പിൽ, ലേക്, കുൽബാകിനോം, ചുഗ്വേവ്, ക്രമടോർസ്ക് തുടങ്ങിയ സ്ഥലങ്ങളിലെ വിമാനത്താവളങ്ങളിൽ റഷ്യ വ്യോമാക്രമണം നടത്തിയെന്നും ഫേസ്ബുക്ക് പോസ്റ്റിൽ സൂചിപ്പിക്കുന്നു.
അതേസമയം, യുക്രൈനിലെ ഖാർകീവിൽ വൻ സ്ഫോടനം നടന്നു. ഭയന്നുപോയ ജനങ്ങൾ കൂട്ടപ്പലായനം നടത്തുകയാണ്. ജി7 രാജ്യങ്ങളുടെ അടിയന്തിര യോഗം നാളെ നടക്കുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ അറിയിച്ചു. ഇത്തരം പ്രഖ്യാപനങ്ങൾക്കപ്പുറം യുക്രൈന് ലോകരാജ്യങ്ങളിൽ നിന്ന് വലിയ പിന്തുണ ലഭിക്കുന്നില്ല. കാനഡയിൽ നിന്ന് ആയുധങ്ങളുമായി ഒരു വിമാനം യുക്രൈനിൽ എത്തിയിട്ടുണ്ട് എന്നതൊഴിച്ചാൽ ലോക രാജ്യങ്ങൾ ഇതുവരെ യുക്രൈനെ കൈവിടുന്ന നിലയാണ് ഉള്ളത്.
തലസ്ഥാനമായ കീവിലും ഖാർകീവിലും വലിയ പ്രതിസന്ധിയാണ് ഉള്ളത്. ആളുകൾ സാധനം വാങ്ങാനായി നിരത്തുകളിലൂടെ പാഞ്ഞുനടക്കുകയാണ്. ലുഹാൻസ്കിൽ നിന്നും ആളുകളെ ഒഴിപ്പിക്കുകയാണ്. ആളുകൾ നിപ്രോ പട്ടണത്തിലേക്ക് പോകണമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ബോറിസ്പിൽ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും ആളുകളെ ഒഴിപ്പിക്കുകയാണ്. യുക്രൈനിലെ വാസിൽകീവ് എയർബേസിൽ റഷ്യ ആക്രമണം നടത്തുന്നുണ്ട്. ഏത് തരത്തിലുള്ള ആയുധമാണ് റഷ്യ ഉപയോഗിച്ചതെന്ന് വ്യക്തമല്ലെങ്കിലും ആക്രമണം നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
യുക്രൈനിൽ റഷ്യയുടെ മിസൈലാക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. കാർകീവിലാണ് മരണം റിപ്പോർട്ട് ചെയ്തത്. ഇൻ്റർ കോണ്ടിനൻ്റൽ ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ചാണ് റഷ്യ ആക്രമണം നടത്തിയത്. രാജ്യത്തിൻ്റെ വിവിധ 10 സ്ഥലങ്ങളിൽ റഷ്യ ആക്രമണം നടത്തുന്നുണ്ടെന്ന് യുക്രൈൻ അറിയിച്ചു. തങ്ങളുടെ യുദ്ധവിമാനങ്ങളെയാണ് റഷ്യ ആക്രമിക്കുന്നതെന്നും യുക്രൈൻ പറഞ്ഞു. 50 റഷ്യക്കാർ കൊല്ലപ്പെട്ടെന്ന് യുക്രൈൻ അറിയിച്ചു.