Crime
ഇന്ത്യക്കാരുടെ രണ്ടാമത്തെ സംഘം പുലർച്ചെ ഡൽഹിയിലെത്തി

ന്യൂഡൽഹി: യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ രണ്ടാമത്തെ സംഘം ഇന്ന് പുലർച്ചെ 2.45 ഓടെ ഡൽഹിയിലെത്തി. റുമാനിയൻ തലസ്ഥാനമായ ബുക്കാറെസ്റ്റിൽനിന്നാണ് 29 മലയാളികൾ ഉൾപ്പെടെ 251 പേരുമായി എയർ ഇന്ത്യയുടെ പ്രത്യേക വിമാനം പറന്നുയർന്നത്.
ഡൽഹിയിലെത്തിയ സംഘത്തെ കേന്ദ്രമന്ത്രിമാരായ ജ്യോതിരാദിത്യ സിന്ധ്യയും വി. മുരളീധരനും ചേർന്ന് സ്വീകരിച്ചു. നേരത്തെ യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ ആദ്യ സംഘം മുംബൈയിലെത്തിയിരുന്നു. 27 മലയാളികൾ ഉൾപ്പെടെ 219 മുംബൈയിലെത്തിയത്.
യുക്രെയ്നിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നവരെ തിരിച്ചു കൊണ്ടുവരാൻ സർക്കാർ എല്ലാ വഴികളും തേടുകയാണ്. രക്ഷാദൗത്യത്തിന്റെ ഭാഗമായുള്ള എയർ ഇന്ത്യയുടെ മൂന്നാം വിമാനം ഇന്ന് തന്നെ ഡൽഹിയിലെത്തും. ഹംഗേറിയൻ തലസ്ഥാനമായ ബുഡാപെസ്റ്റിൽ നിന്നാണ് ഇന്ത്യക്കാരുമായുള്ള അടുത്ത വിമാനം എത്തുക.
യുദ്ധത്തെ തുടർന്ന് യുക്രൈൻ വ്യോമാതിർത്തി അടച്ചിട്ടിരിക്കുന്നതിനാൽ അയൽ രാജ്യങ്ങളായ റൊമാനിയയിലെ ബുക്കാറസ്റ്റിൽ നിന്നും ഹംഗറിയിലെ ബുഡാപെസ്റ്റിൽ നിന്നുമാണ് ഇന്ത്യക്കാരെ കൊണ്ടുവരുന്നത്.